മുംബൈ | ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ വിഷമിച്ച സൂര്യകുമാർ യാദവിന് ടീമിൽ പോലും ഇടം ലഭിച്ചില്ല. 15-കാരൻ വൈഭവ് സൂര്യവംശിക്ക് സീനിയർ ടീമിലേക്ക് ആദ്യമായി വിളിയെത്തിയതാണ് ശ്രദ്ധേയമായ കാര്യം. പ്രഖ്യാപിച്ച മൂന്ന് ടീമിലും വൈഭവ് ഇടംനേടി. സഞ്ജു സാംസണും മൂന്ന് ടീമുകളിലും ഇടംനേടി. ജസ്പ്രീത് ബുംറയെ ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മുംബൈയിലെ സെലക്ഷൻ കമ്മിറ്റി യോഗത്തിനു ശേഷം മുഖ്യ സെലക്ടർ അജിത് അഗാർക്കർ, സെക്രട്ടറി ദേവ്ജിത് സൈകിയ എന്നിവരാണ് ടീമിനെ പ്രഖ്യാപിച്ചത്. തിലക് വർമയാണ് മൂന്ന് ടീമുകളുടെയും വൈസ് ക്യാപ്റ്റൻ.
ടി20 ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെയാണ് സൂര്യകുമാർ യാദവിന് ടീമിലെ സ്ഥാനം തന്നെ നഷ്ടമായത്. വിവിധ ഐപിഎൽ ഫ്രാഞ്ചൈസികളെയും ആഭ്യന്തര ടീമുകളെയും നയിച്ച അയ്യരുടെ അനുഭവസമ്പത്താണ് അദ്ദേഹത്തെ ഈ സ്ഥാനത്തേക്ക് എത്തിച്ചത്. അയ്യർ ഈ സ്ഥാനത്തേക്ക് ഒരു മികച്ച തിരഞ്ഞെടുപ്പാണെന്നും ക്യാപ്റ്റൻ എന്ന നിലയിൽ ആവശ്യമായ പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ടെന്നും ചീഫ് സെലക്ടർ അജിത് അഗാർക്കർ വ്യക്തമാക്കി.
റെക്കോർഡുകൾ തകർത്ത ഐപിഎൽ പ്രകടനമാണ് വൈഭവിന് ടീമിലേക്കുള്ള വഴിതുറന്നത്. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസും അടുത്ത ടി20 ലോകകപ്പും ലക്ഷ്യമിട്ടുള്ള ഒരു തലമുറ മാറ്റത്തിന്റെ തുടക്കമായാണ് ഈ നീക്കത്തെ കാണുന്നത്.
ശ്രേയസ് 2023 ഡിസംബറിന് ശേഷം ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ഐപിഎൽ സീസണിൽ താരം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 55.23 ശരാശരിയിലും 168.81 സ്‌ട്രൈക്ക് റേറ്റിലും 498 റൺസ് അദ്ദേഹം നേടി. നേതൃത്വപരമായ മികവിനൊപ്പം ഈ ബാറ്റിങ് ഫോമും അദ്ദേഹത്തിന് തുണയായി.
അയർലൻഡിനെതിരായ പരമ്പരയ്ക്കുള്ള ടീം:
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്.
ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കുള്ള ടീം:
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), വൈഭവ് സൂര്യവംശി, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയി, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്.
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീം:
ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, വൈഭവ് സൂര്യവംശി, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്‌ണോയി, ജസ്പ്രീത് ബുംറ, ഹർഷിത് റാണ, അർഷ്ദീപ് സിങ്.
إرسال تعليق
Thanks