തമിഴ്നാട്ടിൽ വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (TVK) സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പിച്ചിരുന്ന ഘട്ടത്തിൽ നാടകീയമായ തിരിച്ചടി. ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യ തൊട്ടരികിൽ എത്തിയിട്ടും വിസികെ (VCK) നിലപാട് മാറ്റിയതും, മുസ്ലിം ലീഗ് ചാഞ്ചാടിയതുമാണ് തിരിച്ചടിയായത്.ഇതോടെ ഇന്ന് നടക്കാനിരുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾ ഗവർണർ റദ്ദാക്കി.
ഇടതുപക്ഷ പാർട്ടികൾക്കൊപ്പം വിജയ്യെ പിന്തുണയ്ക്കുമെന്ന് വിസികെ അധ്യക്ഷൻ തിരുമാവളവൻ നേരത്തെ പറഞ്ഞിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി വരെ ഗവർണർക്ക് പിന്തുണക്കത്ത് നൽകിയില്ല. പകരം അദ്ദേഹം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. സ്റ്റാലിനും എടപ്പാടി പളനിസ്വാമിയും ചേർന്ന് തിരുമാവളവനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി വിജയ്യെ തളയ്ക്കാൻ നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ.
ആദ്യം സ്റ്റാലിനൊപ്പം ഉറച്ച് നിൽക്കുമെന്ന് വ്യക്തമാക്കിയ ലീഗ് ഇന്നലെ ടിവികെയെ പിന്തുണക്കാൻ തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്‌തിരുന്നു. എന്നാൽ, അവസാന നിമിഷം ലീഗ് വീണ്ടും നിലപാട് മാറ്റി, ഡിഎംകെയുടെ കൂടെ തുടരുന്നതായി അറിയിച്ചു. വിസികെ മറുകണ്ടം ചാടിയതോടെ ടിവികെയ്ക്ക് ഭൂരിപക്ഷം തികയില്ല എന്ന തോന്നലാണ് ഈ മനംമാറ്റത്തിന് പിന്നിലെന്നാണു കരുതുന്നത്.
*എംഎൽഎയെ കാണാതായി*
ടി.ടി.വി. ദിനകരന്റെ പാർട്ടിയായ എഎംഎംകെ (AMMK)യുടെ ഏക എംഎൽഎ കാമരാജിനെ കാണാതായതാണ് മറ്റൊരു നിർണ്ണായക സംഭവം. തന്റെ എംഎൽഎയെ വിജയ്യുടെ പാർട്ടി തട്ടിക്കൊണ്ടുപോയതാണെന്ന് ദിനകരൻ ഗവർണർക്ക് പരാതി നൽകി. എംഎൽഎയെ കണ്ടെത്താൻ ഗവർണർ ഡിജിപിക്ക് നിർദ്ദേശം നൽകി.
വെള്ളിയാഴ്ച വൈകുന്നേരം ഗവർണറെ കണ്ടപ്പോൾ വിജയ്ക്ക് 116 എംഎൽഎമാരുടെ പിന്തുണ മാത്രമേ ഔദ്യോഗികമായി ഹാജരാക്കാൻ കഴിഞ്ഞുള്ളൂ. ഭൂരിപക്ഷത്തിന് ഇനിയും രണ്ട് പേരുടെ കൂടി കുറവുണ്ട്.
നിലവിൽ എംഎൽഎയെ കാണാതായ സാഹചര്യത്തിലും ഭൂരിപക്ഷം തെളിയിക്കാത്തതിനാലും സർക്കാർ രൂപീകരണ നടപടികൾ ഗവർണർ നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ തമിഴ്നാട് രാഷ്ട്രീയം കൂടുതൽ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.
إرسال تعليق
Thanks