ബിജെപിയെ മറികടന്ന 'പാറ്റ പാര്‍ട്ടി'; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച പുതിയ 'ട്രെൻഡ്',എന്താണ് 'കോക്രോച്ച് ജനതാ പാർട്ടി'?


ദിവസങ്ങൾക്കകം ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുമായി ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെപ്പോലും സോഷ്യൽ മീഡിയയിൽ പിന്നിലാക്കിയ ഒരു പുതിയ 'ഡിജിറ്റൽ' മുന്നേറ്റമാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). വെറുമൊരു തമാശയായി തുടങ്ങി പിന്നീട് യുവാക്കളുടെ വലിയൊരു പ്രതിഷേധ ശബ്ദമായി മാറിയ സിജെപിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ:


ആരാണ് ഇതിന് പിന്നിൽ? എങ്ങനെയായിരുന്നു തുടക്കം?

അഭിജീത് ദിപ്കെ എന്ന യുവാവാണ് ഈ ഡിജിറ്റൽ കാംപെയ്ന് പിന്നിൽ. വിദേശത്ത് ജോലിക്കായി അപേക്ഷിച്ചു കൊണ്ടിരുന്ന അഭിജീത്, രാജ്യത്തെ യുവാക്കൾക്കെതിരെ ഉയർന്ന ഒരു പരാമർശത്തിൽ പ്രതിഷേധിച്ചാണ് ഈ പേരിൽ ഒരു സോഷ്യൽ മീഡിയ പേജ് ആരംഭിക്കുന്നത്.


മേയ് 15ന് ഒരു കോടതി വാദത്തിനിടയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, സോഷ്യൽ മീഡിയയിൽ സജീവമായ ചില ഉദ്യോഗസ്ഥരെയും യുവാക്കളെയും 'പാറ്റകൾ' (Cockroaches), 'പരാദങ്ങൾ' (Parasites) എന്നിവയോട് ഉപമിച്ചു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. (തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വ്യക്തമാക്കുകയുണ്ടായി). എന്നാൽ ഈ 'പാറ്റ' പ്രയോഗത്തിൽ പ്രകോപിതരായ ചിലര്‍ ഇതൊരു കാംപെയ്നായി ഏറ്റെടുക്കുകയായിരുന്നു.


ഇൻസ്റ്റാഗ്രാമിൽ റെക്കോർഡ് കുതിപ്പ്

നാല് ദിവസങ്ങൾക്കകം ഇൻസ്റ്റാഗ്രാമിൽ 12 ദശലക്ഷത്തിലധികം (1.2 കോടി) ഫോളോവേഴ്‌സിനെയാണ് കോക്രോച്ച് ജനതാ പാർട്ടി സ്വന്തമാക്കിയത്. ഇതോടെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ (BJP - 8.7 ദശലക്ഷം ഫോളോവേഴ്‌സ്) ഇൻസ്റ്റാഗ്രാം റെക്കോർഡിനെ സിജെപി മറികടന്നു. നിലവിൽ 13.2 ദശലക്ഷം ഫോളോവേഴ്‌സുള്ള കോൺഗ്രസ് മാത്രമാണ് സോഷ്യൽ മീഡിയയിൽ ഇവർക്ക് മുന്നിലുള്ളത്.


എന്താണ് സി.ജെ.പിയുടെ ലക്ഷ്യം?

ഇതൊരു യഥാർഥ രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് നിലവിലെ രാഷ്ട്രീയ സംസ്കാരത്തെയും ഭരണഘടനാ സ്ഥാപനങ്ങളുടെ വീഴ്ചകളെയും ട്രോളുകളിലൂടെയും മീമുകളിലൂടെയും വിമർശിക്കുന്ന ഒരു ആക്ഷേപഹാസ്യ പ്ലാറ്റ്‌ഫോമാണ്.


' യുവാക്കളുടെ, യുവാക്കൾക്ക് വേണ്ടിയുള്ള, യുവാക്കൾ നയിക്കുന്ന രാഷ്ട്രീയ മുന്നണി' എന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്. തൊഴിലില്ലായ്മ, സോഷ്യൽ മീഡിയയിലെ അഭിപ്രായ സ്വാതന്ത്ര്യം എന്നിവയാണ് ഇവരുടെ പ്രധാന ചർച്ചാ വിഷയങ്ങൾ.


ലക്ഷക്കണക്കിന് യുവാക്കൾ ഇതിനകം തന്നെ ഇവരുടെ ഓൺലൈൻ ഫോമുകൾ വഴി തങ്ങളുടെ പിന്തുണ അറിയിച്ചു കഴിഞ്ഞു. സാധാരണക്കാരായ യുവാക്കളുടെ അമർഷവും പരിഹാസവും ഡിജിറ്റൽ ലോകത്ത് എങ്ങനെ വലിയൊരു ചലനമുണ്ടാക്കാം എന്നതിന്റെ തെളിവാണ് ഈ 'പാറ്റ പാർട്ടി'യുടെ വിജയം.

Post a Comment

Thanks

Previous Post Next Post