തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഈവനിംഗ് ഒ.പി. മുടങ്ങിയിട്ട് ആഴ്ചകൾ പിന്നിട്ടു. ഇതുമൂലം ഉച്ചക്ക് ശേഷം ആശുപത്രിയിലെത്തുന്ന രോഗികൾ ഏറെ പ്രയാസത്തിലായി. ഉച്ചക്ക് ശേഷം ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഏറെ ആശ്വാസമായിരുന്നു ഈവനിംഗ് ഒ.പി. ഉച്ചക്ക് 2 മണി മുതൽ വൈകുന്നേരം 6.30 വരെയായിരുന്നു ഈ വനിംഗ് ഒ.പി. പ്രവർത്തിച്ചിരുന്നത്.
ഈവനിംഗ് ഒ.പി. മുടങ്ങിയത് ഇവിടെയെത്തുന്ന രോഗികളെ ഏറെ പ്രയാസത്തിലാക്കിയിട്ടുണ്ട്.
കരാറടിസ്ഥാനത്തിൽ എച്ച്. എം.സി.യാണ് ഇവിടെ ഈവനിംഗ് ഒ.പി.യിൽ ഡോക്ടറെ നിയമിച്ചിരുന്നത്. എന്നാൽ ഇത് വരെ പ്രവർത്തിച്ചിരുന്ന ഈവനിംഗ് ഒ.പി. ഡോക്ടറുടെ കരാർ കാലാവധി തീർന്നതിനാൽ അവർ ഡ്യൂട്ടിക്ക് വരാതെയായതോടെയാണ് താലൂക്ക് ആശുപത്രിയിൽ ഈവനിംഗ് ഒ.പി. മുടങ്ങിയിട്ടുള്ളത്.
ഈവനിംഗ് ഒ.പി.ക്ക് . ഡോക്ടറെ നിയമിക്കേണ്ടത് എച്ച്. എം.സി. ആണെങ്കിലും ഇന്റർവ്യൂ നടത്തേണ്ടത് ഡി.എം.ഒ.യാണ്. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ ഉള്ളത് കൊണ്ട് താമസം വന്നെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. പെരുമാറ്റ ചട്ടം അവസാനിക്കാൻ ഇനിയും ദിവസങ്ങളെടുക്കും.എന്നാൽ ആശുപത്രി പോലുള്ള അവശ്യ സർവ്വീസുകളിൽ നിയമനം നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വാങ്ങിയാൽ നിയമനം നടത്താമായിരുന്നിട്ടും ബന്ധപ്പെട്ടവരുടെ നിസ്സംഗത മൂലമാണ് താലൂക്ക് ആശുപത്രിയിൽ ആഴ്ചകൾ പിന്നിട്ടിട്ടും ഈവനിംഗ് ഒ.പി.യിൽ ഡോക്ടറെ നിയമിക്കാൻ കഴിയാതെ പോയിട്ടുള്ളത്. ദിവസവും നൂറുകണക്കിന് രോഗികൾ ഉച്ചക്ക് ശേഷവും ആശുപത്രിയിലെത്തുന്നുണ്ട് ഇവിടെ. ഈവനിംഗ് ഒ.പി.യിൽ ഡോക്ടർ ഇല്ലാത്തതിനാൽ ഇവിടെയെത്തുന്ന പല രോഗികളും ക്യാഷ്യാലിറ്റി വിഭാഗത്തെയാണ് ആശ്രയിക്കുന്നത്. അത്യാഹിത വിഭാഗം രോഗികളെ പരിശോധിക്കുന്നതിനിടയിൽ സാധാരണ രോഗികളെ ഇവിടെ പരിശോധിക്കാനും കഴിയില്ല. ഈവനിംഗ് ഒ.പി.യിൽ ഡോക്ടർ ഇല്ലാത്തതിനാൽ ക്യാഷ്യാലിറ്റിയിലെ ഡോക്ടറടക്കമുള്ള ജീവനക്കാരും ഇവിടെയുത്തുന്ന രോഗികളും വലിയ പ്രയാസവും നേരിടുന്നുണ്ട്.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ആഴ്ചകളായി മുടങ്ങി കിടക്കുന്ന ഈവനിംഗ് ഒ.പി.യിൽ അടിയന്തിരമായി ഡോക്ടറെ നിയമിച്ച് രോഗികൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ തിരൂരങ്ങാടി മുനിസിപ്പൽ ചെയർ പേഴ്സൺ, വൈസ് ചെയർമാൻ , ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ,ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

إرسال تعليق
Thanks