ഇന്ത്യയിലെ ടെലികോം മേഖല ഒരിക്കൽ ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കുകൾക്ക് സേവനം നൽകിയ മേഖലകളിലൊന്നായിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി മൊബൈൽ റീചാർജ് നിരക്കുകളിൽ ഉണ്ടായിരിക്കുന്ന നിരന്തര വർധനവും ദിവസങ്ങളിലെ കുറവും സാധാരണ ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തികഭാരം സൃഷ്ടിക്കുകയായിരുന്നു. വലിയ കൊള്ളയെന്ന് വിശേഷിപ്പിക്കാൻ പറ്റുന്ന അത്രയും തട്ടിപ്പുകളാണ് മൊബൈൽ റീചാർജുകളിലൂടെ വൻകിട ടെലികോം കമ്പനികൾ നടത്തിയിരുന്നതെന്നാണ് റിപ്പോർട്ട്. അതിന് ഒരുപരിധിവരെ കടിഞ്ഞാൺ ഇടാൻ ഒരുങ്ങിയിരിക്കുകയാണ് കേന്ദ്രസർക്കാർ. സാധാരണ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്ന തീരുമാനമാണ് കേന്ദ്രം എടുത്തിരിക്കുന്നത്.
ചൂഷണത്തിന് തടയിട്ടു; റീചാർജ് പന്ത്രണ്ടായി കുറയും.
രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ ഉപഭോക്താക്കളെ ബാധിച്ചിരുന്ന 28 ദിവസത്തെ റീചാർജ് സംവിധാനത്തിൽ നിർണായക മാറ്റത്തിന് കേന്ദ്ര സർക്കാർ മുന്നോട്ട് വന്നിരിക്കുന്നത് സ്വാഗതാർഹമാണ്. 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകൾ കൂടുതൽ പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ ടെലികോം മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി. പാർലമെന്റാണ് വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തിയത്. ഉപഭോക്തൃ അവകാശ സംരക്ഷണത്തിലേക്കുള്ള മുന്നേറ്റമാണ് ഇത്. 28 ദിവസത്തെ പ്ലാനുകൾ കാരണം ഉപഭോക്താക്കൾ വർഷത്തിൽ 13 പ്രാവശ്യം റീചാർജ് ചെയ്യേണ്ടിവരുന്നതാണ് നിലവിലെ അവസ്ഥ. ഇത് വലിയ സാമ്പത്തിക ഭാരം സൃഷ്ടിക്കുന്നതാണ്. ഇതിൽ നിന്നുമാറി 30 ദിവസത്തെ പ്ലാനുകൾ വരുന്നതോടെ വർഷത്തിൽ 13 റീചാർജിൽ നിന്ന് 12 ആയി കുറയാനും, വാർഷിക ചെലവ് കുറയാനും, കൂടുതൽ സുതാര്യതയും സൗകര്യവും ഉറപ്പാക്കാനുമുള്ള സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. ഇത് ഒരു തുടക്കം മാത്രമായി കാണണം. 28 ദിവസത്തെ ബില്ലിംഗ് സംവിധാനം വഴി നടക്കുന്ന ഉപഭോക്തൃ ചൂഷണം പൂർണമായും അവസാനിപ്പിക്കുകയും സുതാര്യവും നീതിയുള്ളതുമായ ബില്ലിംഗ് സംവിധാനം അനിവാര്യവുമാണ്.
Post a Comment
Thanks