എന്നും രാവിലെ ക്ലാസിൽ തങ്ങളുടെ പേര് വിളിച്ച് ഹാജർ രേഖപ്പെടുത്തിയിരുന്ന പ്രിയപ്പെട്ട ഗുരുനാഥന്മാർ, ഇന്ന് ഒന്നിനുപുറകെ ഒന്നായി ഒൻപത് ആംബുലൻസുകളിലായി എത്തിയപ്പോൾ പാങ്ങ് അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂൾ മുറ്റം വിങ്ങുന്ന സങ്കടക്കടലായി. തങ്ങളെ എന്നും കാണുന്ന യൂണിഫോമിലായിരുന്നു പിഞ്ചുകുട്ടികളിൽ പലരും പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത അന്ത്യയാത്ര കാണാനെത്തിയത്.
തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരും ആയയും എന്നും നിലക്കില്ലാത്ത യാത്രയിലേക്ക് വിട്ടുപിരിഞ്ഞതറിയാതെ നിന്ന കുരുന്നുകളുടെ നൊമ്പരക്കാഴ്ച കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
രാവിലെ ഒൻപത് മണിയോടെയാണ് മൃതദേഹങ്ങൾ പൊതുദർശനത്തിനായി സ്കൂളിലെത്തിച്ചത്. ജനപ്രതിനിധികളുടെ കണക്കുകൂട്ടലുകൾ പോലും തെറ്റിച്ച് അയൽനാടുകളിൽ നിന്നുപോലും പതിനായിരക്കണക്കിന് ആളുകളാണ് സ്കൂൾ മുറ്റത്തേക്ക് ഒഴുകിയെത്തിയത്.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവർ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ സ്കൂളിലെത്തി. ഒരു മണിക്കൂർ നിശ്ചയിച്ചിരുന്ന പൊതുദർശനം ജനത്തിരക്ക് മൂലം നീണ്ടുപോയി. തുടർന്ന് മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയി ഖബറടക്ക ചടങ്ങുകൾക്കായി മൂന്ന് മഹല്ലുകളിലേക്ക് മാറ്റി. മറ്റുള്ളവരുടെ സംസ്ക്കാര ചടങ്ങുകളും ഇപ്പോൾ നടക്കും.
അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മസ്നീൻ എന്ന കൊച്ചുമിടുക്കിയുടെ വാക്കുകൾ അവിടെയുള്ളവരുടെ ഹൃദയം തകർക്കുന്നതായിരുന്നു. തന്റെ ഉമ്മ ഷക്കീന ടീച്ചർ അപ്പുറത്ത് ഡോക്ടറുടെ പരിശോധനയിലാണെന്നാണ് മസ്നീൻ വിശ്വസിച്ചിരിക്കുന്നത്.
ബിരിയാണി ഉണ്ടാക്കി കഴിച്ചതും വാൽപ്പാറ ചുറ്റിക്കണ്ടതുമൊക്കെ ആശുപത്രി കിടക്കയിലിരുന്ന് മസ്നീൻ ഓർത്തെടുക്കുന്നുണ്ട്. വളവ് തിരിയുമ്പോൾ ഡ്രൈവർ നിലവിളിച്ചതും വാൻ പറക്കുന്നതുപോലെ തോന്നിയതുമായ അപകടനിമിഷങ്ങൾ അവൾ ഭീതിയോടെ പങ്കുവെച്ചു.
ഒമ്പതാം വളവിലെ ഉണക്കമരത്തിൽ തങ്ങിനിന്ന വാനിൽ നിന്ന് ടാക്സി ഡ്രൈവർ ആണ് മസ്നീനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്.
വാൽപ്പാറ ചുരം റോഡിലെ 300 അടി താഴ്ചയിലേക്ക് വാൻ മറിഞ്ഞുണ്ടായ ഈ ദാരുണമായ അപകടത്തിൽ ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് വിടപറഞ്ഞത്. കേരളം കണ്ട ഏറ്റവും വലിയ വിനോദയാത്ര ദുരന്തങ്ങളിലൊന്നായി മാറിയ ഈ സംഭവം ഒരു നാടിനെ മുഴുവൻ നിശ്ശബ്ദമാക്കിയിരിക്കുകയാണ്. മസ്നീനെ കൂടുതൽ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Post a Comment
Thanks