മലപ്പുറം: നാടിനെ ഇളക്കിമറിച്ച പരസ്യപ്രചാരണങ്ങൾക്കും നിശബ്ദ പ്രചാരണത്തിനും ശേഷം മലപ്പുറം ജില്ല നാളെ പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് പൂർത്തിയായി..
വൈകുന്നേരത്തോടെ ജില്ലയിലെ എല്ലാ ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും എത്തിച്ചേർന്നു. ഇനി സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും ജനവിധിയുടെ നെഞ്ചിടിപ്പിന്റെ നിമിഷങ്ങളാണ്..
തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവ്വവുമാക്കാൻ കർശന നിയന്ത്രണങ്ങളാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ ഏഴിന് വൈകുന്നേരം ആറു മുതൽ ഏപ്രിൽ 10 രാവിലെ ആറു വരെയാണ് നിയന്ത്രണങ്ങൾ. ഈ കാലയളവിൽ പരസ്യപ്രചാരണം പൂർണ്ണമായും നിരോധിച്ചു..
നിയമവിരുദ്ധമായ സംഘം ചേരലുകൾ, പൊതുയോഗങ്ങൾ, പ്രകടനങ്ങൾ എന്നിവ പാടില്ല. മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകരോ പ്രചാരണ പ്രവർത്തകരോ മണ്ഡലത്തിൽ തുടരാൻ പാടുള്ളതല്ലെന്നും ലൗഡ് സ്പീക്കറുകൾ യാതൊരു കാരണവശാലും ഉപയോഗിക്കരുതെന്നും ഉത്തരവുണ്ട്..
വോട്ടിങ്ങിനെ സ്വാധീനിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങളോ സർവ്വേകളോ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രദർശിപ്പിക്കുന്നത് വിലക്കിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുമതിയില്ല. ഇതിന് പുറത്ത് ഓരോ സ്ഥാനാർത്ഥിക്കും ഒരു ബൂത്ത് വീതം അനുവദിക്കും..
പോളിംഗ് സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥർക്കൊഴികെ മറ്റാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമില്ല. വീടുകൾ കയറിയുള്ള പ്രചാരണത്തിന് തടസ്സമില്ലെങ്കിലും സമാധാന ലംഘനം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഐ.പി.സി സെക്ഷൻ 188 പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കും..
Post a Comment
Thanks