തിരുവനന്തപുരം:നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ പ്രവാസികൾ നേരിടുന്ന പ്രതിസന്ധികളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകളുടെ കുറവും വിമാനക്കമ്പനികൾ ഈടാക്കുന്ന അമിതമായ ടിക്കറ്റ് നിരക്കും പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും, കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ആയിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ള
ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യം അങ്ങേയറ്റം ആശങ്കാജനകമാണ്. രോഗികൾ, ഗർഭിണികൾ, പ്രായമായവർ, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ എന്നിവർക്ക് മുൻഗണന നൽകി നാട്ടിലെത്തിക്കാൻ ഇന്ത്യൻ മിഷനുകൾ വഴി പ്രത്യേക രജിസ്ട്രേഷൻ സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചു.
കൂടാതെ, ദുബായ്, അബുദാബി തുടങ്ങിയ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നതിനിടയിൽ വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ലഗേജോ താമസസൗകര്യമോ ഇല്ലാതെ പാതിവഴിയിൽ കുടുങ്ങിപ്പോയ യാത്രക്കാരുടെ ദയനീയാവസ്ഥ പരിഹരിക്കാൻ പ്രത്യേക ഹെൽപ്പ് ലൈൻ ആരംഭിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സന്ദർശക വിസയിലുള്ളവരുടെ മടക്കയാത്ര ഏകോപിപ്പിക്കാനും വിമാന സർവീസുകൾ മുൻഗണനാ അടിസ്ഥാനത്തിൽ വർദ്ധിപ്പിക്കാനും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ദ്രുതഗതിയിലുള്ള നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment
Thanks