തിരൂരങ്ങാടി: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ 'ഗിവ് ടു ഗെയിൻ' എന്ന പേരിൽ പ്രത്യേക പരിപാടിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കോളേജിലെ ജീവനി സെന്റർ ഫോർ സ്റ്റുഡന്റ്‌സ് വെൽബീയിംഗും മലപ്പുറം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിലെ സീതാലയം പദ്ധതിയും സംയുക്തമായാണ് പരിപാടി ഒരുക്കിയത്.
കോളേജ് സെമിനാർ ഹാളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ ലെഫ്റ്റനന്റ് ഡോ. നിസാമുദ്ദീൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു. മലപ്പുറം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ പി.വി. മുഖ്യാതിഥിയായി മുഖ്യപ്രഭാഷണം നടത്തി. സ്ത്രീകളുടെ മാനസികവും ശാരീരികവുമായ സുരക്ഷ ഉറപ്പാക്കുന്നതിൽ സീതാലയം പദ്ധതി നടപ്പിലാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
തുടർന്ന് സീതാലയം പദ്ധതിയിലെ മനഃശാസ്ത്രജ്ഞ സുപർണ്ണ യു., ഡി.ടി.പി. ഓപ്പറേറ്റർ സുജിഷ കെ. എന്നിവർ ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി. സ്ത്രീ സുരക്ഷ, മാനസിക സമ്മർദ്ദങ്ങൾ കുറയ്ക്കൽ, അതിക്രമങ്ങൾക്കെതിരെയുള്ള പ്രതിരോധം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് ക്ലാസുകൾ നടന്നത്. ജീവനി വെൽബീയിംഗ് സൈക്കോളജിസ്റ്റ് ശ്രുതി, ജീവനി കോർഡിനേറ്റർ ഡോ. റംല എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.
ഹോമിയോപ്പതി വകുപ്പ് വഴി സ്ത്രീകൾക്കായി നടപ്പിലാക്കുന്ന സമഗ്ര സുരക്ഷാ പദ്ധതിയാണിത്. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് സൗജന്യ കൗൺസിലിംഗ്, അതിക്രമങ്ങൾ നേരിടുന്നവർക്കുള്ള സഹായം, വന്ധ്യതാ നിവാരണ ചികിത്സ, ലഹരി വിരുദ്ധ ചികിത്സ തുടങ്ങിയ സേവനങ്ങൾ ഈ പദ്ധതി വഴി ലഭ്യമാണെന്ന് ചടങ്ങിൽ വ്യക്തമാക്കി. പരിപാടിയിൽ വിവിധ വകുപ്പുകളിലെ അധ്യാപകരും വിദ്യാർത്ഥികളും സംബന്ധിച്ചു
إرسال تعليق
Thanks