മലപ്പുറം ∙ ജില്ലയിൽ 80,947 വിദ്യാർഥികൾ ഇന്ന് എസ്എസ്എൽസി പരീക്ഷാ ഹാളിലേക്ക്. മലപ്പുറം, തിരൂർ, വണ്ടൂർ, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലകളിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി 305 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. 40,490 ആൺകുട്ടികളും 40,457 പെൺകുട്ടികളുമാണ് പരീക്ഷ എഴുതുന്നത്. പരീക്ഷാ ഡ്യൂട്ടിക്കായി ജില്ലയിൽ 5,695 പേരെ ഇൻവിജിലേറ്റർമാരായി നിയമിച്ചിട്ടുണ്ട്. ഉത്തരമെഴുതുന്ന പേപ്പറുകളുടെ വിതരണം ഒരാഴ്ച മുൻപ് പൂർത്തിയായിട്ടുണ്ട്.
ചോദ്യക്കടലാസുകൾ അതതു സ്കൂളുകൾക്കു സമീപമുള്ള ട്രഷറി/ ബാങ്ക് ലോക്കറുകളിൽ സൂക്ഷിച്ചിരിക്കുകയാണ്. പരീക്ഷാ ദിവസം രാവിലെ, ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ അതതു ദിവസത്തെ ചോദ്യക്കടലാസുകൾ സ്കൂളുകളിൽ എത്തിക്കും. രാവിലെ 9.30 മുതലാണ് പരീക്ഷ. 40 മാർക്കിന്റെ പരീക്ഷകൾ രാവിലെ 9.30 മുതൽ 11.15 വരെയും 80 മാർക്കിന്റെ പരീക്ഷകൾ രാവിലെ 9.30 മുതൽ 12.15 വരെയുമാണ്. ഇന്ന് ഒന്നാം ഭാഷയാണ് പരീക്ഷ. ജില്ലയിൽ ഏറ്റവും കൂടുതൽ പേർ എസ്എസ്എൽസി പരീക്ഷ എഴുതുന്നത് ഇത്തവണയും എടരിക്കോട് പികെഎംഎംഎച്ച്എസ്എസിലാണ്– 2030 പേർ. കഴിഞ്ഞ തവണ 2017 പേരാണ് പരീക്ഷ എഴുതിയത്. ഏറ്റവും കുറച്ചു കുട്ടികൾ പരീക്ഷ എഴുതുന്നത് വാഴക്കാട് കാരുണ്യഭവൻ സ്കൂളിലാണ്.
ഇവിടെ അഞ്ചു വിദ്യാർഥികളാണ് പരീക്ഷാ എഴുതുന്നത്. ഇന്നു തുടങ്ങുന്ന പരീക്ഷ 30ന് കഴിയും. ഇന്ന് ഒന്നാം ഭാഷ, 9ന് ഇംഗ്ലിഷ്, 11ന് ഒന്നാം ഭാഷ (രണ്ടാം പാർട്ട്), 13ന് ഹിന്ദി, 16ന് ഗണിതം, 18ന് ഫിസിക്സ്, 23ന് സാമൂഹിക ശാസ്ത്രം, 25ന് കെമിസ്ട്രി, 30ന് ബയോളജി. ഐടി പരീക്ഷകൾ പൂർത്തിയായിട്ടുണ്ട്. മൂല്യ നിർണയം ഏപ്രിൽ ഏഴിന് തുടങ്ങി 28ന് സമാപിക്കും. മേയ് മൂന്നാം വാരത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് വിവരം.
إرسال تعليق
Thanks