ഭക്ഷണം ഫ്രിഡ്ജിൽ എത്ര ദിവസം സൂക്ഷിക്കാം ?


എത്ര നാൾ വരെ ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കാം? ഫ്രിഡ്ജിൽ വച്ച ഭക്ഷണപദാർത്ഥങ്ങൾ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കാമോ? സംശയങ്ങൾക്കുള്ള ഉത്തരം ഇവിടെയുണ്ട്


തിരക്കു പിടിച്ച ജീവിതത്തിനിടെ നിത്യവും ഭക്ഷണം പാകം ചെയ്യുന്നത് ബുദ്ധിമുട്ടേറിയ കാര്യം തന്നെയാണ്. അത്തരം സാഹചര്യങ്ങളിൽ ജോലി ഭാരം ലഘൂകരിക്കാൻ ഫ്രിഡ്ജ് സഹായിക്കുമെന്നതിൽ തർക്കമില്ല. എന്നാൽ മലയാളികളും ഫ്രിഡ്ജും തമ്മിലുള്ള ബന്ധം അത്ര ആരോഗ്യകരമാണോ?

ബാക്കി വരുന്ന ഭക്ഷണ പദാർത്ഥങ്ങൾ നേരെ ഫ്രിഡ്ജിൽ സ്റ്റോർ ചെയ്യുക എന്നതാണ് പൊതുവെ ഭൂരിപക്ഷം ആളുകളുടെയും പതിവ്. ഫ്രിഡ്ജിൽ വച്ച ഭക്ഷണം ചൂടാക്കി ഉപയോഗിക്കുന്നവരും ഏറെയാണ്. ചിലരാവട്ടെ, ഭക്ഷണം വേസ്റ്റ് ആവേണ്ട എന്നോർത്ത് ഫ്രിഡ്ജിൽ വയ്ക്കും. പക്ഷേ പിന്നീട് അത് എടുത്തു ഉപയോഗിക്കുകയുമില്ല. ഫ്രിഡ്ജിലിരുന്ന് പഴകി  ചീത്തയായി, പൂപ്പലും ഫംഗസുമെല്ലാം പിടിച്ചതിനു ശേഷം  എടുത്തു കളയുകയും ചെയ്യും. 


ഫ്രിഡ്ജിൽ വേവിച്ച ഭക്ഷണം ദീർഘനാൾ സൂക്ഷിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഫ്രിഡ്ജിനെ ആരോഗ്യപരമായ രീതിയിൽ എങ്ങനെ ഉപയോഗിക്കാം? എത്ര നാൾ വരെ ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കാം? ഫ്രിഡ്ജിൽ വച്ച ഭക്ഷണപദാർത്ഥങ്ങൾ വീണ്ടും വീണ്ടും ചൂടാക്കി കഴിക്കാമോ?  ഇത്തരം കാര്യങ്ങളെ കുറിച്ച് ആരോഗ്യവിദഗ്ധർ പറയുന്നതു കേൾക്കാം. 


മാംസം, മത്സ്യം, പാലുൽപ്പന്നങ്ങൾ, മുട്ടകൾ എന്നിവ റഫ്രിജറേറ്ററിൽ സൂക്ഷിക്കുകയാണെങ്കിൽ ഏതാനും ഒരു ആഴ്ചയ്ക്കുള്ളിൽ ഉപയോഗിക്കമെന്നാണ് ന്യൂട്രസി ലൈഫ്‌സ്റ്റൈലിൻ്റെ പോഷകാഹാര വിദഗ്ധയും സിഇഒയുമായ ഡോ.രോഹിണി പാട്ടീൽ പറയുന്നത്.  “ബാക്‌ടീരിയ, രോഗാണുക്കൾ എന്നിവ  3- 4 ദിവസങ്ങൾ കഴിയുമ്പോഴേക്കും ശീതീകരിച്ച അവശിഷ്ടങ്ങളിൽ വളരാൻ തുടങ്ങും. ഇവയുടെ വികാസം ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ബാക്ടീരിയകൾ ഭക്ഷണത്തിൻ്റെ രുചിയോ മണമോ രൂപമോ മാറ്റില്ല. അതിനാൽ തന്നെ, സ്വാദുകൊണ്ടോ മണം കൊണ്ടോ ആ ഭക്ഷണം കഴിക്കുന്നത് സുരക്ഷിതമാണോ അല്ലയോ എന്ന് നിങ്ങൾക്ക് പറയാൻ കഴിയില്ല.”


"ഭക്ഷണപദാർത്ഥങ്ങൾ 5 മുതൽ 7 ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. വളിച്ചതോ പഴകിയതോ ആയ വസ്തുക്കൾ ഫ്രിഡ്ജിനകത്ത് വയ്ക്കുകയും ചെയ്യരുത്. ഫ്രിഡ്ജിൽ വച്ച ഭക്ഷണം പല തവണ ചൂടാക്കി കഴിക്കുന്നതും ഒഴിവാക്കുക. ഓരോ തവണ ഫ്രിഡ്ജിൽ നിന്നും ഭക്ഷണം എടുത്ത് പുറത്തുവയ്ക്കുമ്പോൾ പെട്ടെന്ന് തന്നെ അതിനകത്ത് ബാക്ടീരികൾ വരാൻ സാധ്യത ഏറെയാണ്. അതേ ഭക്ഷണം ഫ്രിഡ്ജിലേക്ക് എടുത്തുവയ്ക്കുമ്പോൾ ബാക്ടീരിയകൾ നശിക്കുന്നില്ല താനും. അതിനാൽ ആ ഭക്ഷണം വീണ്ടും കഴിക്കുമ്പോൾ ഫുഡ് ഇൻഫെക്ഷൻ വരാനുള്ള സാധ്യത കൂടുതലാണ്," ഡാനിഷ് സലിം പറയുന്നു. 


ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാലഡുകൾ രണ്ടു ദിവസത്തിൽ കൂടുതൽ വയ്ക്കരുത്. പുറത്തെടുത്താൽ ഉടനെ തന്നെ കഴിക്കണം. ഫ്രീസ് ചെയ്ത് ഒരിക്കലും കഴിക്കരുത്.

ഫ്രിഡ്ജിൽ വച്ചാലും ബ്രഡ് കേടാവും. അതിനാൽ എക്സ്പയറി ഡേറ്റിനു മുൻപു തന്നെ ബ്രഡ് കഴിച്ചു തീർക്കുക. 

മുട്ട 3 മുതൽ 4 ആഴ്ച വരെ സൂക്ഷിച്ചുവയ്ക്കാം. പൊട്ടിച്ച മുട്ടയാണെങ്കിൽ, 2 ദിവസം കൊണ്ട് എടുത്തുപയോഗിക്കണം.

ആപ്പിൾ, പേരയ്ക്ക പോലുള്ള പഴങ്ങൾ ഫ്രിഡ്ജിൽ വച്ചാൽ അവയുടെ നീരു വറ്റും. പഴങ്ങൾ ഫ്രിഡ്ജിൽ വച്ചാൽ പെട്ടെന്ന് കേടാവില്ല എന്നതു ശരിയാണ്, പക്ഷേ അതത്ര നല്ലതല്ല, അവയുടെ ഗുണം നഷ്ടപ്പെടും.

മാംസാഹാരത്തിൽ വേഗത്തിൽ ബാക്ടീരിയ വളരാനുള്ള സാധ്യതയേറെയാണ്. ആഴ്ചകളോളം മാംസാഹരങ്ങൾ ഫ്രിഡ്ജിൽ വയ്ക്കരുത്. മാംസം പച്ചയാണെങ്കിലും വേവിച്ചതാണെങ്കിലും 3-5 ദിവസത്തിൽ കൂടുതൽ വയ്ക്കരുത്. ഫ്രോസൺ ചെയ്ത മാംസമാണെങ്കിൽ മൂന്നു മാസത്തിൽ കൂടുതൽ വയ്ക്കരുത്.

മീൻ, കക്ക, ഞണ്ട്, ചെമ്മീൻ എന്നിവ മൂന്നു ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ വയ്ക്കരുത്. 

കറികളും മറ്റും 3-4 ദിവസം കൊണ്ട് ഉപയോഗിച്ചു ചേർക്കുക

പാക്കറ്റ് ഫുഡുകൾ എക്സ്പെയറി ഡേറ്റ് കഴിഞ്ഞാൽ ഫ്രിഡ്ജിൽ വച്ചതാണെങ്കിലും പിന്നെ ഉപയോഗിക്കരുത്.

Post a Comment

Thanks

Previous Post Next Post