വിവരാവകാശ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആരു തടസ്സം നിന്നാലും നടപടി: കമ്മിഷണർ

 ​


  കോഴിക്കോട് |  വിവരാവകാശ ചോദ്യങ്ങൾക്ക് മറുപടി നൽകാതിരുന്നാലും വിവരം നൽകുന്നതിന് വിലക്കേർപ്പെടുത്തിയാലും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർ ടി.കെ.രാമകൃഷ്ണൻ. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മിഷൻ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഫയൽ ഓഫിസിലെ ആരുടെ കൈവശമാണെങ്കിലും അവരിൽനിന്ന് വിവരം ലഭ്യമാക്കി നൽകേണ്ട ചുമതല പൊതു വിവരാവകാശ ഓഫിസർക്കാണെന്നും കമ്മിഷണർ വ്യക്തമാക്കി. വിവരം ഉൾക്കൊള്ളുന്ന ഫയലുകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മിഷണർ പറഞ്ഞു. എസ്.ബി.സജിത്ത് എന്നയാൾ നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് വ്യക്തമായ വിവരങ്ങൾ നൽകാൻ വയനാട് ജില്ലാ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസറുടെ കാര്യാലയത്തിലെ പൊതുവിവരാവകാശ ഓഫിസറോട് നിർദേശിച്ചു. മലയാളം സർവകലാശാലയിലെ പിഎച്ച്ഡി പ്രവേശനത്തിനായി നടത്തിയ ഇന്റർവ്യൂവിന് ശേഷം തയാറാക്കിയ റാങ്ക് ലിസ്റ്റിന്റെയും മാർക്ക് ലിസ്റ്റിന്റെയും പകർപ്പ് ആവശ്യപ്പെട്ട് ശ്രീനാഥ് എന്നയാൾ നൽകിയ അപേക്ഷയിൽ രേഖകളുടെ പകർപ്പുകൾ നൽകണമെന്നും നിർദേശം നൽകി. 


ഒരു സൊസൈറ്റിയുടെ ബൈലോയുടെ പകർപ്പ് ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലാ റജിസ്ട്രാർ ഓഫിസിൽ ജ്യോതി പവിത്രൻ സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ആവശ്യപ്പെട്ട രേഖയുടെ പകർപ്പ് കാണാനില്ലെന്ന മറുപടിയാണ് നൽകിയത്. ഇത് കമ്മിഷൻ അംഗീകരിച്ചില്ല. ഒരു ടീമിനെ വച്ച് തിരച്ചിൽ നടത്തി ബൈലോ കണ്ടെത്തി പകർപ്പ് നൽകണം. മാനന്തവാടിയിൽ കടുവ ആക്രമിച്ച് സ്ത്രീ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സമർപ്പിച്ച അപേക്ഷയിൽ ഇനി വല്ല വിവരവും നൽകാനുണ്ടെങ്കിൽ അത് ഉടൻ നൽകണമെന്ന് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ വിവരാവകാശ ഓഫിസർക്ക് കമ്മിഷണർ നിർദേശം നൽകി. സിറ്റിങ്ങിൽ 16 പരാതികൾ തീർപ്പാക്കി.

Post a Comment

Thanks

Previous Post Next Post