എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും: ഡോക്ടറും ബിഡിഎസ് വിദ്യാര്‍ഥിനിയും അടക്കം 7 പേര്‍ പിടിയില്‍

 


തിരുവനന്തപുരം: പുതുവൽസര ദിനത്തിൽ കണിയാപുരത്ത് ലഹരിവേട്ട. എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും സൂക്ഷിച്ച ഡോക്‌ടറും ബിഡിഎസ് വിദ്യാർഥിനിയും ഉൾപ്പെടെ ഏഴുപേർ പിടിയിലായി. കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്നേഷ് ദത്തൻ (34), ബിഡിഎസ് വിദ്യാർഥിനിയായ കൊട്ടാരക്കര സ്വദേശിനി ഹലീന (27), നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), പാലോട് സ്വദേശിനി അൻസിയ (37), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.

കണിയാപുരം തോപ്പിൽ ഭാഗത്തെ വാടകവീട്ടിൽനിന്നാണ് ഇവരെ ലഹരിമരുന്നുമായി പിടികൂടിയതെന്ന് പോലിസ് പറഞ്ഞു. പ്രതികളിൽ വിഗ്നേഷ് ദത്തൻ എംബിബിഎസ് ഡോക്ടറാണ്. ഹലീന ബിഡിഎസ് വിദ്യാർഥിനിയും അവിനാഷ് ഐടി ജീവനക്കാരനുമാണ്. അസിം, അജിത്ത്, അൻസിയ, എന്നിവർ മുൻപ് നിരവധി ലഹരിക്കേസുകളിൽ പ്രതികളായവരാണ്. ഇവർ മൂന്നുപേരുമാണ് ബെംഗളൂരുവിൽനിന്ന് ലഹരിമരുന്ന് എത്തിച്ച് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്‌ടർമാർക്കും വിതരണം ചെയ്യുന്നതെന്നും പോലിസ് പറഞ്ഞു.


കഴിഞ്ഞദിവസം രാത്രി അസിമിന്റെ നേതൃത്വത്തിലുള്ള സംഘം കാറിൽ പോകുന്നതിനിടെ പോലിസ് പിടികൂടാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഇവർ പോലിസ് ജീപ്പിൽ കാറിടിപ്പിച്ചശേഷം കടന്നുകളഞ്ഞു. തുടർന്ന് ഇവർ കണിയാപുരം ഭാഗത്തെ വാടകവീട്ടിലുണ്ടെന്ന വിവരത്തെത്തുടർന്നാണ് പോലിസ് വീട് വളഞ്ഞ് പ്രതികളെ പിടികൂടിയത്. പ്രതികളിൽനിന്ന് നാല് ഗ്രാം എംഡിഎംഎ ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം സാധാരണ കഞ്ചാവ് എന്നിവ കണ്ടെടുത്തു.

പ്രതികളുടെ രണ്ട് കാറുകൾ, രണ്ട് ബൈക്കുകൾ, പത്ത് മൊബൈൽഫോണുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ കഠിനംകുളം പോലീസിന് കൈമാറി.

Post a Comment

Thanks

Previous Post Next Post