മാനേജ്മെന്റ് കൈയൊഴിഞ്ഞ ചിറക്കൽ കെ.പി.എൻ.എം, കോർമന്തല സ്കൂളുകൾക്ക് 10 കോടി അനുവദിച്ച് മന്ത്രി


സ്ഥലം വാങ്ങാനും പുതിയ കെട്ടിടം നിർമിക്കാനുമാണ് തുക വകയിരുത്തിയത്


താനൂർ: അവകാശ തർക്കത്തെ തുടർന്ന് മാനേജ്മെന്റ് കൈയൊഴിഞ്ഞ് ശോച്യാവസ്ഥയിലായ ചിറക്കൽ കെ.പി.എൻ.എം.യു.പി, കോർമന്തല എ.എം.എൽ.പി സ്കൂളുകൾക്ക് കെട്ടിടം പണിയാൻ ബജറ്റിൽ ഫണ്ടനുവദിച്ച് മന്ത്രി. വി. അബ്ദുറഹിമാൻ. 

മാനേജ്മെന്റ് തർക്കത്തെ തുടർന്ന് ഇതിനകം തന്നെ പ്രവർത്തനം സർക്കാർ ഏറ്റെടുത്ത താനൂരിലെ ഈ രണ്ട് സ്കൂളുകൾക്കും സ്ഥലം ഏറ്റെടുക്കാനും കെട്ടിട നിർമാണത്തിനുമാണ് 10 കോടി രൂപ അനുവദിച്ചത്. സ്കൂൾ നടത്തിപ്പിന്റെ താൽക്കാലിക ചുമതല താനൂർ എ.ഇ.ഒക്ക് നൽകിയിരുന്നു. 

കെട്ടിടങ്ങളുടെ അറ്റകുറ്റ പണികൾ യഥാസമയം നടത്താതിരുന്നതും മതിയായ ബെഞ്ച്, ഡെസ്ക്, ബ്ലാക്ക് ബോർഡ്, മേശ, കസേര തുടങ്ങിയവ ഇല്ലാതിരുന്നതും പ്രാഥമിക ആവശ്യങ്ങൾക്കുള്ള മതിയായ സൗകര്യങ്ങൾ സ്കൂളിൽ ഇല്ലാത്തതിനാലും കുട്ടികൾ കൊഴിഞ്ഞു പോകുന്ന സാഹചര്യമുണ്ടായി.


പട്ടികജാതി വിഭാഗങ്ങളിലും മത്സ്യതൊഴിലാളി വിഭാഗങ്ങളിലുംപെട്ട വിദ്യാർഥികളാണ് ചിറക്കൽ കെ.പി.എൻ.എം സ്കൂളിൽ ഉള്ളതെങ്കിൽ കോർമ്മന്തല എ.എം.എൽ.പി സ്കൂളിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾ മാത്രമാണ് പഠിക്കുന്നത്. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന സ്കൂളുകൾക്ക് നവോന്മേഷം നൽകുന്നതാണ് ബജറ്റ് പ്രഖ്യാപനം.


തുടർ നടപടികൾ അടിയന്തരമായി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സ്ഥലം എം.എൽ.എയും മന്ത്രിയുമായ വി. അബ്ദുറഹിമാൻ അറിയിച്ചു.

Post a Comment

Thanks

أحدث أقدم