കോഴിക്കോട് പിടിക്കാൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകൾ ; യുഡിഎഫ് മേയർ സ്ഥാനാർഥിയായി നിയാസ്


  കോഴിക്കോട്:തദ്ദേശപ്പോരിന്റെ പടയൊരുക്കത്തിൽ കേരളത്തിലെ രാഷട്രീയ കക്ഷി നേതൃത്വങ്ങൾ തലപുകയ്ക്കുന്നതിനിടെ കോഴിക്കോട് കോർപ്പറേഷനിൽ അരയും തലയും മുറുക്കി കളംപിടിക്കാൻ ലക്ഷ്യമിട്ട് പ്രധാന മുന്നണികൾ.നാലര പതിറ്റാണ്ടായി കോർപ്പറേഷന്റെ തലപ്പത്തുളള ഇടതുമുന്നണി മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തി അരനൂറ്റാണ്ടിന്റെ ചരിത്രം കുറിക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. 

അതേസമയം പതിവുകൾ തെറ്റിച്ചുള്ള ജനവിധിയാകും ഇത്തവണയെന്നും കോർപ്പറേഷനിൽ അട്ടിമറി ജയം നേടാനാകുമെന്നും പാർട്ടിതലത്തിൽ നടത്തിയ സർവേ ഫലങ്ങളുടെ ആധികാരികതയിൽ യുഡിഎഫ് നേതൃത്വം പറയുന്നു.സർപ്രൈസ് സ്ഥാനാർഥികൾ രംഗത്ത് വരുമെന്നും തിരഞ്ഞെടുപ്പ് ചിത്രം മാറിമറിയുമെന്നുമാണ് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ അവകാശപ്പെടുന്നത്. 2020 ലെ തിരഞ്ഞെടുപ്പിൽ പല വാർഡുകളിലും വിജയികൾക്ക് പിന്നിൽ അഞ്ഞൂറിൽ താഴെ മാത്രമായിരുന്ന മാർജിൻ മറികടക്കാനായാൽ അപ്രതീക്ഷിത മുന്നേറ്റത്തോടെ കളം നിറയാനാകുമെന്ന ആത്മവിശ്വാസത്തിൽ ബിജെപിയും നിലയുറപ്പിക്കുന്നതോടെ പല വാർഡുകളിലും ത്രികോണപ്പോരാട്ടത്തിനാണ് കോഴിക്കോട്ട് അരങ്ങുണരുന്നത്.


2020 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് 49, യുഡിഎഫ് 14, ബിജെപി 7,സ്വതന്ത്രർ – 5 എന്നിങ്ങനെയായിരുന്നു 75 സീറ്റുള്ള കോഴിക്കോട് കോർപ്പറേഷനിലെ സീറ്റ് നില.വാർഡ് പുനർനിർണയത്തിന്റെ ഭാഗമായി ഇത്തവണ കോഴിക്കോട് 76 സീറ്റിലേക്കാണ് മൽസരം.കരട് വാർഡ് വിഭജന റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തി ആക്ഷേപങ്ങൾ തീർപ്പാക്കിയ ശേഷമാണ് കോർപ്പറേഷനിലെ വാർഡ് വിഭജനം പൂർത്തിയാക്കി അതിരുകളും വോട്ടർ പട്ടികയും അന്തിമമാക്കിയത്. പുതിയ പട്ടികയിൽ 56–ാം നമ്പർ കപ്പക്കൽ വാർഡിന്റെ പേര് നദീനഗർ എന്നായി. 31–ാം നമ്പർ വാർഡ് ആയി മേത്തോട്ടുതാഴം വന്നു.പൊറ്റമ്മൽ, കുറ്റിയിൽതാഴം വാർഡുകളിലെ സ്ഥലങ്ങൾ ഉൾപ്പെട്ടതാണ് പുതിയ പേരിലുള്ള ഈ വാർഡ്. 49–ാം നമ്പർ മാറാട് വാർഡിന്റെ പേര് സാഗര സരണി എന്നായി.പഴയ 61–ാം നമ്പർ വലിയങ്ങാടി വാർഡ് അപ്രത്യക്ഷമായി.ഈ വാർഡിലെ സ്ഥലങ്ങൾ കുറ്റിച്ചിറ,പാളയം, മൂന്നാലിങ്ങൽ എന്നീ മൂന്നു വാർഡുകളിലേക്കാണ് ചേർത്തത്.മാവൂർ റോഡ് എന്ന പേരിലുള്ള പുതിയ വാർഡിൽ പഴയ തിരുത്തിയാട്, എരഞ്ഞിപ്പാലം വാർഡുകളിലെ സ്ഥലങ്ങളാണ് ഉൾപ്പെടുന്നത്.പരിചയസമ്പന്നർക്കൊപ്പം പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുന്ന പട്ടികയാണ് ഇടതുമുന്നണി അണിയറയിൽ തയാറാക്കുന്നതെന്നാണ് വിവരം.മേയർ സ്ഥാനാർഥിയായി നിലവിലെ ഡപ്യൂട്ടി മേയറും സിപിഎം നേതാവുമായ സി.പി മുസാഫർ അഹമ്മദിന്റെ പേരിനാണ് മുൻതൂക്കം.

സിപിഎം സംസ്ഥാന സമിതി അംഗവും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ മുൻ എംഎൽഎ എ.പ്രദീപ് കുമാറിന്റെ മകൾ അമിത പ്രദീപ് ഇത്തവണ മൽസരരംഗത്തെത്തുമെന്നാണ് ഇടതു കേന്ദ്രങ്ങൾ നൽകുന്ന സൂചന.കോർപ്പറേഷനിൽ അധികാര തുടർച്ചയുണ്ടായാൽ അമിതയെ ഡപ്യൂട്ടി മേയറാക്കാനാണ് നീക്കം.നിലവിലെ മേയർ ബീന ഫിലിപ് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കില്ലെന്ന നിലപാട് ആവർത്തിച്ചു.മുസാഫർ അഹമ്മദ് കഴിഞ്ഞ തവണ മൽസരിച്ച കപ്പക്കൽ വാർഡിൽ നിന്നോ അതുമല്ലെങ്കിൽ കോട്ടൂളി വാർഡിൽ നിന്നോ ആകും മത്സരിക്കുക.ബീച്ച് നവീകരണം,കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് നഗരത്തിലെ റോഡ് വികസനപദ്ധതികൾ എന്നിവ തുടങ്ങി യുനെസ്കോയുടെ സാഹിത്യനഗര പദവി വരെ വികസനത്തിന്റെ പിന്നിട്ട വർഷങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അവതരിപ്പിക്കാനാണ് ഇടതുപക്ഷം ഒരുങ്ങുന്നത്.

കോൺഗ്രസ് – 50, മുസ്‌ലിം ലീഗ് – 25, സിഎംപി – ഒന്ന് എന്നിങ്ങനെ മൊത്തം 76 സീറ്റ് ഭാഗം വച്ചാണ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സര ധാരണയായത്.ചില സർപ്രൈസ് സ്ഥാനാർഥികൾക്കൊപ്പം പ്രവർത്തന പരിചയം,ജനകീയത തുടങ്ങിയ മാനദണ്ഡങ്ങളിൽ പുതുമുഖങ്ങളെയും യുഡിഎഫ് രംഗത്തിറക്കും.കോഴിക്കോട്ടെ തിരഞ്ഞെടുപ്പ് ചുമതലയുളള മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് അന്തിമ പട്ടികയ്ക്ക് രൂപമാകുന്നത്.തദ്ദേശ തിരഞ്ഞെടുപ്പിൽ വിമത ശബ്ദം ഉണ്ടാകരുതെന്ന കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയുടെ കർശന നിർദേശം ഉൾക്കൊണ്ടാണ് ഇത്തവണ യുഡിഎഫിലെ പ്രധാന മുന്നണിയായ കോൺഗ്രസിലെ മുന്നൊരുക്കം. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ശക്തിപ്രകടനമാക്കി ഒറ്റക്കെട്ടായി മുന്നേറി യുഡിഎഫ് സ്ഥാനാർഥികളുടെ മികച്ച വിജയം ഉറപ്പാക്കണം എന്ന നിർദേശമാണ് ഇതിനകം കോഴിക്കോട് നഗരസഭയിൽ നടത്തിയ ചില വാർഡ്തലയോഗങ്ങളിൽ ദീപദാസ് മുൻഷി നൽകിയത്.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി,നാദാപുരം,കുറ്റ്യാടി,പേരാമ്പ്ര എന്നിവിടങ്ങളിലും കോഴിക്കോട് കോർപ്പറേഷനിലെ തിരഞ്ഞെടുത്ത വാർഡുകളിലുമാണ് ദീപാദാസ് മുൻഷിയുടെ നേതൃത്വത്തിൽ വാർഡ്തല യോഗങ്ങൾ നടന്നത്. മേയർ സ്ഥാനത്തേക്ക് കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ പി.എം നിയാസിനെ ഉയർത്തിക്കാട്ടാനാണ് കോൺഗ്രസ് നീക്കം.മുൻ ഡിസിസി പ്രസിഡന്റ് കെ.സി അബു ഇത്തവണ മൽസരരംഗത്തെത്തുമെന്നാണ് വിവരം.വെൽഫെയർ പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളിൽ അവരുടെ പിന്തുണ ഉറപ്പാക്കുന്നത് കോഴിക്കോട്ടെ മൽസര ഫലത്തിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയാണ് യുഡിഎഫിനുള്ളത്. കോഴിക്കോട് സൗത്ത് മേഖലയിൽ പാർട്ടിക്കുളളിലെ ചെറിയ പടലപ്പിണക്കങ്ങളാണ് തിരഞ്ഞെടുപ്പ് കളത്തിൽ യുഡിഎഫിലെ പ്രധാന കക്ഷികളിൽ ഒന്നായ മുസ്‌ലിം ലീഗിന് കല്ലുകടിയാകുന്നത്.


  മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി തന്നെ നേരിട്ടെത്തി ഇക്കാര്യം ചർച്ച ചെയ്തു പരിഹരിക്കുമെന്നാണ് ലീഗ് കേന്ദ്രങ്ങളിൽ നിന്ന് അറിയുന്നത്. ചാലപ്പുറം വാർഡ് ഇത്തവണ സിഎംപിക്ക് നൽകാൻ ധാരണയായതിൽ കോൺഗ്രസിന്റെ പ്രാദേശിക ഘടകത്തിൽ ചെറിയ എതിർപ്പുണ്ടായെങ്കിലും അത് പരിഹരിക്കാനാകുമെന്നും തിരഞ്ഞെടുപ്പിൽ മുന്നണി ഒറ്റക്കെട്ടായിരിക്കുമെന്നും ഡിസിസി വൃത്തങ്ങൾ പറയുന്നു.ഇടതുവലതു മുന്നണികൾ കൊമ്പുകോർക്കുന്നതിനിടെ നഗരസഭയിൽ കൂടുതൽ സീറ്റുറപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോർപ്പറേഷൻ മേഖലയിൽ ശക്തി തെളിയിക്കാനുളള തന്ത്രങ്ങളിലാണ് ബിജെപി.വേറിട്ട സമര പരിപാടികളിലൂടെ പിന്നിടുന്ന കോർപ്പറേഷൻ കാലയളവിൽ ബിജെപി പക്ഷത്തെ തിളങ്ങുന്ന താരമാകുകയും പിന്നീട് മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ എന്ന പദവിയിലേക്ക് കടന്നെത്തുകയും ചെയ്ത നവ്യ ഹരിദാസ് ഇത്തവണ മത്സരിക്കില്ലെന്നാണ് വിവരം.തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളം പ്രചാരണ പരിപാടികളിൽ സജീവമാകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിതെന്നാണ് സൂചന.നിലവിലെ മറ്റു കൗൺസിലർമാർക്കൊപ്പം ശക്തി കേന്ദ്രങ്ങളിൽ പുതുമുഖങ്ങളെയും ചില സർപ്രൈസ് സ്ഥാനാർഥികളെയും രംഗത്തിറക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങൾ നൽകുന്ന വിവരം. നടുവട്ടത്ത് ബിജെപി ദേശീയ നിർവാഹക സമിതിയംഗം കെ.പി ശ്രീശൻ,സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു – മൂന്നാലിങ്ങൽ, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് – പാറോപ്പടി,മുൻ ജില്ലാ അധ്യക്ഷൻ വി.കെ.സജീവൻ – കോട്ടൂളി,അനുരാധ തായാട്ട് – ഈസ്റ്റ്ഹിൽ, നമ്പി ടി.നാരായണൻ – പന്നിയങ്കര,ഇ.പ്രശാന്ത് കുമാർ – ചേവരമ്പലം, ടി.രനീഷ് – നെല്ലിക്കോട്,രമ്യ സന്തോഷ് – പുതിയറ, സരിത പറയേരി – സിവിൽ സ്റ്റേഷൻ വാർഡുകളിൽ മൽസരിക്കുമെന്നാണ് സൂചന.സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ കോർ കമ്മിറ്റി യോഗത്തിൽ അന്തിമ ചർച്ചയ്ക്കു ശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടു പിന്നാലെ തന്നെ സ്ഥാനാർഥി പ്രഖ്യാപനം നടത്താനാണ് ബിജെപി ഒരുങ്ങുന്നത്.

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പുകാർ മാത്രമായി ഇടതുപക്ഷം മാറിയെന്നത് തിരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ ആയുധമാക്കുമെന്ന് ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു പറഞ്ഞു.കോഴിക്കോട്ടെ ഓരോ പദ്ധതികളിലും പ്രധാനമായും പണം മുടക്കിയിരിക്കുന്നത് കേന്ദ്ര സർക്കാരാണ്. റയിൽവേ സ്റ്റേഷൻ വികസനം,ദേശീയ പാത വികസനം തുടങ്ങി കോഴിക്കോട്ടെ എല്ലാ വികസനപദ്ധതികളിലും പ്രധാന പങ്കാളിത്തം വഹിക്കുന്ന മോദി സർക്കാരിന്റെ സഹായം തിരഞ്ഞെടുപ്പിൽ എടുത്ത് പറയും.കോർപ്പറേഷൻ ഭരണം കൂടി ലഭിച്ചാൽ ഇതിലും ഇരട്ടിക്കാര്യങ്ങൾ ഇവിടെ ചെയ്യാനാകും. പിന്നിട്ട വർഷങ്ങളിലെ തിരഞ്ഞെടുപ്പ് കണക്കുകൾ പരിശോധിച്ചാൽ ഇരുമുന്നണികളെക്കാൾ വോട്ടുവിഹിതത്തിൽ മൂന്നിരട്ടിയോളം വളർച്ച ബിജെപിക്ക് കോഴിക്കോട് ഉണ്ടായിട്ടുണ്ട്.പിന്നിട്ട വർഷങ്ങളിൽ പുതുതായി ചേർന്ന യുവവോട്ടർമാരും കേന്ദ്ര പദ്ധതികൾ തിരിച്ചറിയുന്ന വോട്ടർമാരും കൂടിയാകുമ്പോൾ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പല വാർഡിലും രണ്ടാം സ്ഥാനത്തെത്തിയ ബിജെപിക്ക് മികച്ച വിജയത്തോടെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ മുന്നേറാനാകുമെന്നും പ്രകാശ് ബാബു പറഞ്ഞു.ഇടതുപക്ഷം ഭരിക്കുന്ന കോർപറേഷനിൽ വിവിധ തലങ്ങളിൽ ഉയർന്ന അഴിമതി ആരോപണങ്ങൾ എൽഡിഎഫിന് വരും തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലും ബിജെപിക്കുണ്ട്. കോർപറേഷനിലെ അഴിമതി,സ്വജനപക്ഷപാതം,കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിലെ വീഴ്ച തുടങ്ങിയവ ബിജെപി അടുത്തിടെ കോർപ്പറേഷന് മുന്നിലേക്ക് നടത്തിയ പഞ്ചദിന പ്രതിഷേധ മാർച്ചിലും മറ്റും ജനശ്രദ്ധയിലേക്ക് കൊണ്ടുവരാനായെന്ന ആത്മവിശ്വാസവും ബിജെപി വൃത്തങ്ങൾ പങ്കുവയ്ക്കുന്നു.

ശബരിമലയിലെ സ്വർണ കവർച്ചയുടെ പ്രതിഫലനം തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാകുമെന്നും ബിജെപി കരുതുന്നു.കോർപ്പറേഷനിലെ ചില നിർണായക സീറ്റുകളിൽ മത്സരിക്കുന്നതിലൂടെ ഇതരമുന്നണികളുടെ ജയപരാജയങ്ങളിൽ നിർണായക ഘടകമാകാനും ആകുമെന്നാണ് ബിജെപി വിലയിരുത്തൽ.പത്തോളം വാർഡുകളിൽ ഒഴികെ മറ്റിടങ്ങളിൽ സ്ഥാനാർഥി നിർണയത്തിൽ ഏകദേശ ധാരണയിലാണ് ബിജെപി.മറ്റിടങ്ങളിൽ എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസിന്റെ കൂടി നിലപാടറിഞ്ഞ ശേഷമാകും കോർ കമ്മിറ്റിയിൽ തീരുമാനമുണ്ടാകുക.


Post a Comment

Thanks

Previous Post Next Post