എസ്.ഐ.ആര്‍: സമയം വെട്ടിക്കുറച്ച നിര്‍ദേശം പിൻവലിച്ച്‌ മലപ്പുറം കലക്ടര്‍; ആശ്വാസം


എസ്.ഐ.ആർ നടപടികള്‍ പൂർത്തിയാക്കാനുള്ള സമയം വെട്ടിച്ചുരുക്കിയ തീരുമാനം പിൻവലിച്ച്‌ മലപ്പുറം കലക്ടർ. നടപടി സംബന്ധിച്ച്‌ വ്യാപകമായി പരാതികൾ ഉയർന്നിരുന്നു.


തെരഞ്ഞെടുപ്പ് കമ്മിഷൻ ഡിസംബർ നാല് വരെ ബി.എല്‍.ഒമാർക്ക് സമയം നല്‍കിയിരുന്നെങ്കിലും ഈ മാസം 29 നകം എല്ലാ നടപടികളും പൂർത്തിയാക്കണമെന്ന നിർദേശമാണ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ മലപ്പുറം കലക്ടർ സർക്കുലറിലൂടെ അറിയിച്ചത്. ഇതോടെ രാഷ്ട്രീയപാർട്ടികളും ബി.എല്‍.ഒമാരും കലക്ടറുടെ നടപടിക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തി.


തുടർന്നാണ് നിർദേശം പിൻവലിച്ച്‌ കലക്ടർ പുതിയ സർക്കുലർ ഇറക്കിയത്. ഇന്നലെ മുതല്‍ 20 വരെ എന്യൂമറേഷൻ ഫോമുകളുടെ സ്വീകരണത്തിന് കലക്ഷൻ സെൻ്ററുകള്‍ പ്രവർത്തിക്കണമെന്ന നിർദേശം പിൻവലിച്ച്‌ ബി.എല്‍.ഒമാർക്ക് ആപ്പ് വഴിയുള്ള ഡിജിറ്റലൈസിന് സൗകര്യപ്രദമായ സ്ഥലം വില്ലേജ് ഓഫിസർ കണ്ടെത്തണമെന്നാക്കി.


വില്ലേജ് ഓഫിസില്‍ സ്ഥലക്കുറവ് ഉണ്ടെങ്കില്‍ വില്ലേജ് പരിധിയിലെ സ്കൂളുകളൊ കെട്ടിടങ്ങളൊ ഒരുക്കിനല്‍കണമെന്നും നിർദേശമുണ്ട്.


ടെക്നിക്കല്‍ സൗകര്യങ്ങളും വില്ലേജ് ഓഫിസർ നല്‍കണം. ഓരോ വില്ലേജ് ഓഫിസർമാരും അഞ്ച് മുതല്‍ 10 വരെ വളണ്ടിയർമാരെ കണ്ടെത്തി ബി.എല്‍.ഒമാർക്ക് സഹായം നല്‍കണമെന്നും കലക്ടർ നിർദേശം നല്‍കി.


ജോലിഭാരം സംബന്ധിച്ച്‌ ബി.എല്‍.ഒമാരുടെ പരാതി രൂക്ഷമായ ഘട്ടത്തിലായിരുന്നു ദുരിതം ഇരട്ടിയാക്കി മലപ്പുറം കലക്ടർ നിർദേശം നല്‍കിയിരുന്നത്. പുതിയ നിർദേശം ബി.എല്‍.ഒമാർക്ക് ഒരുപരിധിവരെ ആശ്വാസമാണ്.

Post a Comment

Thanks

Previous Post Next Post