അമ്മയെന്ന വാക്കിന് തന്നെ അപമാനമുണ്ടാക്കുന്ന തരത്തിൽ ബാലികയായ മകളെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കാൻ ഒത്താശ ചെയ്ത മാതാവിന് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി വിധിച്ച ശിക്ഷ സംസ്ഥാനത്ത് ഒരു സ്ത്രീക്ക് ലഭിക്കുന്ന ഏറ്റവും വലിയ തടവുശിക്ഷയായി കണക്കാക്കപ്പെടുന്നു. ഈ കേസിലെ ഇരുകൂട്ടർക്കും വിവിധ വകുപ്പുകളിലായി 180 വർഷത്തെ കഠിനതടവാണ് കോടതി വിധിച്ചത്.
തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന കോടതിയുടെ പരാമർശമുണ്ടെങ്കിലും ഇരുവരും 40 വർഷം വീതം കഠിനതടവ് അനുഭവിക്കേണ്ടിവരും.
തിരുവനന്തപുരം പേയാട് സ്വദേശിനിയും 30കാരിയുമായ വീട്ടമ്മ, സാമൂഹിക മാധ്യമങ്ങളിലൂടെ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശിയായ 37കാരനുമായി പരിചയത്തിലായ ശേഷം പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥനായ ഭർത്താവിനെ ഉപേക്ഷിച്ച്, 11കാരിയായ മകളെയും കൂട്ടി കാമുകനൊപ്പം ഇറങ്ങിത്തിരിച്ചു. ഇവർ മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ വാടക വീടുകളിൽ താമസിക്കുന്ന കാലത്താണ് ബാലികയ്ക്ക് ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടി വന്നത്.
മാതാവിന്റെ ഒത്താശയോടെ നടന്ന പീഡനങ്ങളേറെയും മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. കുട്ടിയെ മദ്യം നൽകിയും മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചുമായിരുന്നു പീഡിപ്പിച്ചത്. പെൺകുട്ടിക്ക് മുന്നിൽ ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ഇത്തരത്തിൽ ചെയ്യാൻ കുട്ടിയെ പ്രേരിപ്പിക്കുകയുമുണ്ടായി.
വിസമ്മതിച്ചാൽ കുട്ടിയെ ക്രൂരമായി മർദ്ദിച്ചിരുന്നു. കുട്ടിയുടെ തലയിൽ രഹസ്യകാമറ ഘടിപ്പിച്ചിട്ടുണ്ടെന്നും പീഡന വിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. ആവശ്യത്തിന് ഭക്ഷണം പോലും കുട്ടിക്ക് നൽകിയിരുന്നില്ല.
ഭർത്താവ് രേഖകൾ പിടിച്ചുവെച്ചുവെന്ന് ആരോപിച്ച് യുവതി മലപ്പുറം പോലീസിൽ പരാതി നൽകിയതോടെയാണ് കൊടുംപീഡനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. പോലീസ് നിർദ്ദേശപ്രകാരം യുവതിയുടെ പിതാവ് രേഖകളുമായി മലപ്പുറം സ്റ്റേഷനിലെത്തി. തുടർന്ന് പോലീസിന്റെ അനുമതിയോടെ രേഖകൾ കൈമാറുന്നതിനും കുഞ്ഞിനെ കാണുന്നതിനുമായി ഇദ്ദേഹം യുവതി താമസിക്കുന്ന വാടക വീട്ടിലെത്തി. രേഖകൾ വാങ്ങിയ യുവതി കുട്ടിയെ കാണിക്കാൻ തയ്യാറാകാതെ വന്നതോടെ വാഗ്വാദം ഉണ്ടായി. പരിസരവാസികളാണ് കുട്ടി ദുരിതം അനുഭവിക്കുന്നതായി മാതൃപിതാവിനെ അറിയിച്ചത്.
ഇവർ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവ് പ്രകാരം കുട്ടിയെ സ്നേഹിത പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെയെത്തി പോലീസ് ബാലികയുടെ മൊഴിയെടുത്തപ്പോഴാണ് അതിക്രൂരമായ പീഡന കഥ പുറത്തുവന്നത്.
2021 ഒക്ടോബർ 19-നാണ് പോലീസ് ബാലികയുടെ മൊഴി രേഖപ്പെടുത്തിയത്.
Post a Comment
Thanks