ഐ.ബി.ആർ അച്ചീവർ പദവി നേടിയത് 16 മെഡലുകളും 11 സർട്ടിഫിക്കറ്റുകളും 23 മൊമന്റോകളും സ്വന്തമാക്കി
(മൂന്നിയൂർ): ഭിന്നശേഷിയെ മറികടന്ന് കലാപരിപാടികളിലും ഫാഷൻ ഷോകളിലുമായി ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച മലപ്പുറം, മൂന്നിയൂർ പാറക്കാവ് (സലാമത്ത് നഗർ) സ്വദേശിനി ഫാത്തിമ മിന വി.ക്ക് 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ (IBR)' അംഗീകാരം.
'ഐ.ബി.ആർ. അച്ചീവർ' എന്ന പദവിയാണ് ഈ ഒമ്പതുവയസ്സുകാരിയെ തേടിയെത്തിയത്. 50% ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന ഒരു 'പ്രത്യേക പരിഗണന അർഹിക്കുന്ന' കുട്ടിയായിരുന്നിട്ടും വിവിധ കലാ സാംസ്‌കാരിക പരിപാടികളിലും ഫാഷൻ ഷോകളിലും പങ്കെടുത്തതിലൂടെ 16 മെഡലുകളും, 11 സർട്ടിഫിക്കറ്റുകളും, 23 മൊമന്റോകളും സ്വന്തമാക്കിയതാണ് റെക്കോർഡിന് ആധാരം.
മൂന്നിയൂർ മുൻ മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയും സലാമത്ത് നഗറിലെ കെട്ടിട നിർമ്മാണ തൊഴിലാളിയുമായ ഫദളു റഹ്മാന്റെയും ഫൗസിയയുടെയും മകളാണ് ഫാത്തിമ മിന. ആയിഷ എമിൻ, എന്നിവരാണ് സഹോദരങ്ങൾ.
2016 സെപ്റ്റംബർ 19-ന് ജനിച്ച ഫാത്തിമ മിനയുടെ റെക്കോർഡ് നേട്ടം 2025 ഒക്ടോബർ 3-ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. റെക്കോർഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ഒക്ടോബർ 13-ന് ലഭിച്ചു.
പ്രതിബന്ധങ്ങളെ മറികടന്ന നേട്ടം
കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ ഫാത്തിമ മിന കാണിച്ച ധൈര്യവും ആത്മവിശ്വാസവും, കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും ചേർന്നാണ് ഈ അംഗീകാരത്തിലേക്ക് വഴി തുറന്നത്.
സമഗ്രമായ പരിശോധനകൾക്കും തെളിവുകളുടെ സൂക്ഷ്മമായ വിലയിരുത്തലിനും ശേഷമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ എഡിറ്റോറിയൽ ബോർഡ് ഈ നേട്ടം അംഗീകരിച്ചത്. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ പ്രചോദനമാണ് ഫാത്തിമയുടെ ഈ നേട്ടം.

إرسال تعليق
Thanks