പെരുവള്ളൂർ | പടിക്കൽ കരുവാങ്കല്ല് പൊതുമരാമത്ത് റോഡിൽ പറമ്പിൽ പീടിക കാക്കത്തടത്ത് വര്ഷങ്ങളായി അനുഭവപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം കാണുന്നതിനുള്ള നിർദ്ദേശവുമായി റോഡ്‌സ് വിഭാഗം. 25 ലക്ഷം രൂപയുടെ അടിയന്തര പദ്ധതിയാണ് ചീഫ് എൻജിനീയർ സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചത്.
റോഡിന്റെ ഇരുവശങ്ങളിലുമായി ഓടകൾ നിർമിച്ച് വെള്ളക്കെട്ട് പരിഹരിക്കാനാണ് നിലവിലെ പദ്ധതി ലക്ഷ്യമിടുന്നത്. ഈ നിർദ്ദേശത്തിന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ഉടൻ തന്നെ നിർമാണ ജോലികൾ ആരംഭിക്കാനാണ് നീക്കം.
പ്രദേശവാസികളും യാത്രക്കാരും മാസങ്ങളായി അനുഭവിക്കുന്ന ഈ പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കാണണമെന്ന് പലഭാഗങ്ങളിൽ നിന്നും മുറവിളി ഉണ്ടായതാണ്. പി അബ്ദുൽ ഹമീദ് എംഎൽഎ ജില്ലാ വികസന സമിതി യോഗത്തിൽ വിഷയം അവതരിപ്പിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുൽ കലാം നേരിട്ട് അധികൃതരെ സമീപിക്കുകയും ചെയ്തതിനെ തുടർന്നാണ് പദ്ധതി രേഖ തയ്യാറാക്കിയത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ സ്ഥലം എംഎൽഎ റോഡിലെ പ്രശ്നങ്ങൾ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്.
25 ലക്ഷം രൂപയുടെ ഈ താൽക്കാലിക പദ്ധതിക്ക് ഉടൻ അനുമതി ലഭിക്കുമെന്നാണ് സൂചന. നിലവിൽ റോഡിൽ കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യുന്നതിൽ പ്രദേശത്തെ കാക്കത്തടം ഓസ്കാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പ്രവർത്തകർ നിർണായക പങ്ക് വഹിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്ന് മാസമായി ഇവർ പമ്പിങ് വഴിയാണ് വെള്ളംനീക്കുന്നത്. മഴ തോർന്നാൽ ഉടൻ തന്നെ പമ്പിങ് നടത്തുക എന്ന രീതിയിലാണ് ഇപ്പോൾ കാക്കത്തടം റോഡിൽ ഗതാഗതം സാധ്യമാക്കുന്നത്. കാക്കത്തടം റോഡിലെ പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് ഏകദേശം രണ്ട് കോടി രൂപ വേണ്ടിവരും.
ഈ വലിയ പദ്ധതിയുടെ അംഗീകാരം ലഭിക്കാൻ കാലതാമസം ഉണ്ടാകുമെന്നതിനാലാണ് നിലവിൽ 25 ലക്ഷം രൂപയുടെ താൽക്കാലിക പദ്ധതി പരിഗണിക്കുന്നത് എന്നാണ് ബന്ധപ്പെട്ടവരിൽ നിന്നുള്ള വിവരം.
മാസങ്ങളായി തുടരുന്ന വെള്ളക്കെട്ട് കാരണം പരിസരവാസികൾക്കും പൊതുജനങ്ങൾക്കും ഉണ്ടാവുന്ന ദുരിതത്തിന് ജനകീയ പങ്കാളിത്തത്തിലൂടെ ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടി ജനകീയ ആക്ഷൻ കമ്മിറ്റിക്ക് കഴിഞ്ഞദിവസം രൂപം നൽകിയിരുന്നു. ഒപ്പ് ശേഖരണവും റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികളും സംഘടിപ്പിക്കുമെന്ന് ജനകീയ ആക്ഷൻ കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു.
Post a Comment
Thanks