പരപ്പനങ്ങാടി: പൂർവ്വവിദ്യാർഥി സംഗമത്തിനെത്തി പരിചയം പുതുക്കി അധ്യാപികയിൽ നിന്നും പണവും സ്വർണ്ണവും തട്ടിയ ദമ്പതികൾ അറസ്റ്റിൽ. ചെറിയമുണ്ടം തലക്കടത്തൂർ നീലിയത്ത് വേർക്കൽ ഫിറോസിനെയും (51) ഭാര്യ റംലത്ത് (മാളു- 43) എന്നിവരെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്‌തത്. പരപ്പനങ്ങാടിക്കാരിയും ചെറിയമുണ്ടം സ്കൂൾ റിട്ട. അധ്യാപികയുടേതാണ് പരാതി.
1988-90 കാലഘട്ടത്തിൽ ഫിറോസിനെ പഠിപ്പിച്ചതാണ് അധ്യാപിക. പൂർവ്വ വിദ്യാർഥി സംഗമത്തിൽ പരിചയം പുതുക്കി അധ്യാപികയുടെ വീട്ടിൽ ഒരു പ്രാവശ്യം പോകുകയും ചെയ്‌തു. തനിക്ക് പക്ഷാഘാതം നേരത്തെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് സഹതാപം പിടിച്ചുപറ്റി. ഇതിന് ശേഷം സ്വർണ്ണ ബിസിനസിനായി ഒരു ലക്ഷം ആവശ്യപ്പെട്ടു. നാലായിരം രൂപ പ്രതിഫലമായി നൽകാമെന്നും ഏറ്റു. അധ്യാപിക തുക നൽകി. ഒരു മാസം കഴിഞ്ഞപ്പോൾ 4000 രൂപ പലിശയായി നൽകുകയും ചെയ്തു. അടുത്ത മാസവും പലിശ നൽകി. പിന്നീട്
അധ്യാപിക മൂന്ന് ലക്ഷം രൂപ നൽകി. ഇതിന് 12,000 രൂപ പലിശയായി നൽകിയെന്ന് ഫിറോസ് പൊലീസിനോട് പറഞ്ഞു. ഇങ്ങനെ ആകെ 27,50,000 അധ്യാപികയുടെ കയ്യിൽ നിന്നും ഇവർ വാങ്ങി. ഇതിന് പലിശ കൊടുത്തതായും പ്രതിയുടെ മൊഴിയുണ്ട്. ഇതിനിടയിൽ പലിശ കൊടുക്കൽ നിന്നു. ബിസിനസ്സിലേക്ക് കൂടുൽ പണം ഇറക്കാനാണെന്ന് പറഞ്ഞ് അധ്യാപികയുടെ 21 പവൻ സ്വർണ്ണവും കൈക്കലാക്കി തിരൂരിലെ ഒരു ബാങ്കിൽ പണയം വെച്ചു. പിന്നീട് വിറ്റു.
അധ്യാപിക പണം തിരിച്ചു ചോദിക്കാൻ തുടങ്ങിയതോടെ ഫോൺ സ്വിച്ച് ഓഫാക്കി ഫിറോസ് മുങ്ങിയതായി പൊലീസ് പറയുന്നു. പൊലീസ് അന്വേഷണത്തിൽ ഇയാൾ തലക്കടത്തൂരിലെ വീട് നാല് വർഷം മുമ്പ് വിറ്റ് കർണ്ണാടക ഹസ്സനിൽ ഗതാഗത സൗകര്യമൊന്നും ഇല്ലാത്തിടത്ത് കൃഷി ചെയ്ത് ജീവിക്കുകയാണെന്ന വിവരം പോലീസിന് ലഭിച്ചു. പരപ്പനങ്ങാടി സി ഐ വിനോദ് വലിയാട്ടൂരിൻ്റെ നേതൃത്വത്തിൽ അവിടെയെത്തി അന്വേഷിച്ചു. ഇവിടെ നിന്നും ലഭിച്ച വിവരത്തിന്റെ
അടിസ്ഥാനത്തിൽ തൊട്ടടുത്ത ദർഗയിൽ ഉണ്ടാവാനുള്ള സാധ്യത തെളിഞ്ഞു. ദർഗ നിൽക്കുന്ന സ്ഥലത്ത് രണ്ട് ദിവസം താമസിച്ച് നടത്തിയ അന്വേഷണത്തിൽ ഫിറോസ് അടുത്ത് വാങ്ങിയ ആഡംബര കാർ കണ്ടെടുത്തു. ബുധനാഴ് രാത്രി ഇരുവരെയും പിടികൂടി വെള്ളിയാഴ്ച രാവിലെയോടെ പരപ്പനങ്ങാടി സ്റ്റേഷനിലെത്തിച്ചു. ഫിറോസിനെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്‌തു. റംലത്തിന് അറസ്റ്റ് നോട്ടീസ് നൽകി, വിട്ടയച്ചു. രണ്ടു തവണ അധ്യാപികയിൽ നിന്നും പണം വാങ്ങുമ്പോൾ റംലത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.

Post a Comment
Thanks