കൊച്ചി : ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നവീകരണത്തിന്റെ ഭാഗമായുണ്ടായ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരുന്ന പാലിയേക്കരയിലെ ടോൾ പിരിവ് വിലക്ക് വീണ്ടും തുടരുമെന്ന് ഹൈക്കോടതി. ടോൾ പിരിവ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജികൾ ഇന്ന് പരിഗണിച്ചു. മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതിൽ ജില്ലാ കളക്ടർ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ആമ്പല്ലൂർ മുരിങ്ങൂർ സർവീസ് റോഡ് തകർന്നതിന് സമാനമായി പല ഇടങ്ങളിലും റോഡ് തകരാനുള്ള സാധ്യതയുണ്ടെന്നാണ് കലക്ടറുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി പരിഗണിച്ച കോടതി ടോൾ പിരിവ് തല്‍ക്കാലം പുനരാരംഭിക്കേണ്ട എന്ന് ഉത്തരവിട്ടത്. ഹർജി ഈ മാസം 30ന് വീണ്ടും പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.ടോൾ പിരിവുമായി ബന്ധപ്പെട്ട് കർശന ഉപാധികൾ ഏർപ്പെടുത്തുമെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കോടതി അറിയിച്ചിരുന്നെങ്കിലും മുരിങ്ങൂർ ഭാഗത്തെ മണ്ണിടിച്ചിലിനെ തുടർന്ന് ഇത് മാറ്റിവെച്ചിരുന്നു. പിന്നാലെ ഇന്ന് ഹർജി പരിഗണിച്ചപ്പോഴാണ് ടോൾ പിരിവ് വിലക്ക് തുടരുമെന്ന് ഹൈക്കോടതി അറിയിച്ചത്.
കഴിഞ്ഞ 51 ദിവസമായി പാലിയേക്കരയിൽ ടോൾ വിലക്ക് തുടരുകയാണ്. ഓഗസ്റ്റ് 6 മുതൽ ആയിരുന്നു പാലിയേക്കരയിൽ ടോൾ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞത്. ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത കുരുക്കുണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഗതാഗതക്കുരുക്കിന് പരിഹാരം കാണാതെ ടോൾ പിരിക്കുന്നത് ശരിയല്ലെന്ന് ദേശീയപാത അതോറിറ്റിയോട് കോടതി വ്യക്തമാക്കി. ദേശീയപാതയിൽ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ ഗതാഗതക്കുരുക്കും സർവീസ് റോഡുകളുടെ ശോചനീയാവസ്ഥയും ചൂണ്ടിക്കാട്ടിയുള്ള ഹർജിയെ തുടർന്നായിരുന്നു ഹൈക്കോടതി ഇടപെടൽ. ഇതിനെതിരെ കരാർ കമ്പനിയും എൻഎച്ച്ഐയും സുപ്രീം കോടതി വരെ പോയെങ്കിലും അനുകൂല ഉത്തരവ് ലഭിച്ചില്ല. ദേശീയപാതയിലെ ഗതാഗതക്കുരുക്കുകൾ പരിഹരിച്ചു എന്നും സർവീസ് റോഡുകൾ നന്നാക്കി എന്നും ദേശീയപാത അതോറിറ്റി നിരന്തരം അറിയിച്ചിരുന്നെങ്കിലും കലക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി)യുടെ റിപ്പോർട്ടാണ് ഇക്കാര്യത്തിൽ കോടതി ആശ്രയിച്ചത്.
Post a Comment
Thanks