വാഹന പിഴയുടെ പേരിൽ സൈബർ തട്ടിപ്പ്: ജാഗ്രത പാലിക്കാൻ മുന്നറിയിപ്പുമായി അധികൃതർ


മോട്ടോർ വാഹന വകുപ്പിന്റെ എം-പരിവാഹൻ' ആപ്പിന്റെ പേരിൽ സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നതായി മുന്നറിയിപ്പ്. നിരവധി പേർക്ക് ഇതിനോടകം പണം നഷ്ടമായതിനെ തുടർന്ന് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, മോട്ടോർ വാഹന വകുപ്പ്, സൈബർ വിഭാഗം എന്നിവർ അറിയിച്ചു


എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരത്ത് അടുത്തിടെ ഒരാൾക്ക് 1.5 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടിരുന്നു.


തട്ടിപ്പിന്റെ രീതി

വാഹന നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി വാട്ട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പുകാർ സന്ദേശങ്ങൾ അയക്കുന്നത്. എ.ഐ ക്യാമറകൾ, പോലീസ് സ്പീഡ് ക്യാമറകൾ എന്നിവ വഴി കണ്ടെത്തിയ നിയമ ലംഘനങ്ങൾ, നോ പാർക്കിംഗ് പിഴ, അല്ലെങ്കിൽ നേരിട്ടുള്ള വാഹന പരിശോധനയിലെ ഇ-ചെല്ലാൻ എന്നിവയുടെ വ്യാജേനയാണ് സന്ദേശങ്ങൾ എത്തുന്നത്.

ഈ സന്ദേശങ്ങൾ തുറക്കുമ്പോൾ പിഴത്തുക അടയ്ക്കുന്നതിനായി ഒരു എ.പി.കെ (APK) ഫയൽ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഈ ഫയൽ ഡൗൺലോഡ് ചെയ്താൽ, ആ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്


ശ്രദ്ധിക്കുക

 ◾പോലീസോ മോട്ടോർ വാഹന വകുപ്പോ വാട്ട്‌സ്ആപ്പ് വഴി ചെല്ലാനുകൾ അയക്കാറില്ല.

 

◾തട്ടിപ്പ് സന്ദേശങ്ങളിൽ ചെല്ലാൻ നമ്പർ 14 അക്കമായിരിക്കും. എന്നാൽ യഥാർത്ഥ ചെല്ലാനുകളിൽ 19 അക്ക നമ്പർ ഉണ്ടാകും.

 

◾ 'പരിവാഹൻ' ആപ്പിന് എ.പി.കെ ഫയലുകളില്ല. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ വഴി മാത്രമേ 'പരിവാഹൻ' ആപ് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കൂ.

 

◾ഇ-ചെല്ലാൻ വിവരങ്ങൾക്കും പിഴ അടയ്ക്കുന്നതിനും ഔദ്യോഗിക വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കുക. ലഭിക്കുന്ന സന്ദേശം ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ളതാണെന്ന് ഉറപ്പാക്കുക.

 

◾ അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുത്


സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ

അത്തരത്തിൽ ഒരു സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ, സംഭവം നടന്ന് ഒരു മണിക്കൂറിനകം 1930 എന്ന നമ്പറിൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യുക.

Post a Comment

Thanks

أحدث أقدم
Moonniyur Vartha