സ്കൂൾ സമയമാറ്റം: തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ല, അനുകൂല നടപടിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് സമസ്ത


  കോഴിക്കോട് | സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് സർക്കാരുമായി നടത്തുന്ന ചർച്ചയിൽ പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കുമെന്നും അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും സമസ്ത. നിലപാട് മാറ്റില്ല എന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടെങ്കിൽ സമസ്തയും നിലപാട് മാറ്റില്ലെന്ന് കോഴിക്കോട്ട് ചേർന്ന സമസ്തയുടെയും പോഷകസംഘടനകളുടെയും സംയുക്ത യോഗത്തിനു ശേഷം സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും ഏകോപന സമിതി കൺവീനറുമായ എം.ടി. അബ്ദുല്ല മുസല്യാർ പറഞ്ഞു.


മതം വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. മതവും വിദ്യാഭ്യാസവും മാറ്റിനിർത്താൻ ആകില്ല. ഞങ്ങളുടെ തീരുമാനത്തിൽ ഞങ്ങൾ പിന്നോട്ടില്ല. അക്കാര്യം മന്ത്രിയുമായി ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തും. രണ്ടു ബോധ്യപ്പെടുത്തലുകൾ ഒരുമിച്ചു കൂടിയാൽ മൂന്നാമതൊരു തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് സർക്കാർ നിലപാടിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.


രാവിലെയും വൈകിട്ടുമായി അരമണിക്കൂർ സ്കൂൾ സമയം വർധിപ്പിക്കുന്നത് മദ്രസ പഠനത്തെ ബാധിക്കുമെന്നതിനാൽ സമയമാറ്റം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്ക് സമസ്ത നിവേദനം സമർപ്പിച്ചിരുന്നു. എന്നാൽ ഇത് സംബന്ധമായി സർക്കാർ ചർച്ചയ്ക്കു വിളിക്കുകയോ നിവേദനത്തിന് അനുകൂല തീരുമാനമുണ്ടാകുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് സമസ്തയുടെ പോഷകഘടകമായ സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ സമരപ്രഖ്യാപനം നടത്തിയത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ വിദ്യാഭ്യാസ മന്ത്രി ഇന്ന് ഫോണിൽ വിളിച്ച് ചർച്ച ചെയ്യാമെന്ന കാര്യം അറിയിച്ചിട്ടുണ്ട്. ചർച്ചയിൽ പ്രായോഗിക നിർദേശങ്ങൾ സമസ്ത സമർപ്പിക്കും. അനുകൂല തീരുമാനമുണ്ടാകുന്നില്ലെങ്കിൽ സമസ്തയുടെ എല്ലാ ഘടകങ്ങളും ഒന്നിച്ച് സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. 


അതേസമയം, സ്കൂൾ സമയത്തിന്റെ കാര്യത്തിൽ സർക്കാർ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും സ്കൂൾ സമയമാറ്റത്തിലെ ആശങ്ക ചർച്ച ചെയ്യാമെന്നു മാത്രമാണ് പറഞ്ഞതെന്നും കണ്ണൂരിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നടത്തിയ പ്രസ്താവനയ്ക്കെതിരെ സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം വിമർശനവുമായി രംഗത്തുവന്നു. മുസ്‌ലിം സമുദായത്തെ അവഗണിച്ച് ഒരു സർക്കാരിനും മുന്നോട്ടുപോകാനാകില്ല. അവഗണിച്ചാൽ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിച്ചു.


എട്ടു മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനസമയം അര മണിക്കൂര്‍ കൂടി വർധിപ്പിച്ച് കഴിഞ്ഞ മാസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് ഇതിലൂടെ വര്‍ധിച്ചത്. രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് പുതിയ പ്രവൃത്തിസമയം.

Post a Comment

Thanks

أحدث أقدم
Moonniyur Vartha