തൊടുപുഴയിൽ ശാരീരിക വെെകല്യമുള്ള മകനെയും പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം


  തൊടുപുഴ | തൊടുപുഴ കാഞ്ഞിരമറ്റത്ത് ശാരീരിക വൈകല്യമുളള മൂന്നു വയസ്സുകാരനെയും  പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ഉമേഷ് (32), മകന്‍ ദേവ് (3) എന്നിവരെയാണ് രണ്ട് റൂമുകളിലായി ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയ ശേഷം ഉമേഷ്‌ തൂങ്ങി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരണ കാരണം വ്യക്തമല്ല. 

ഓട്ടിസം ബാധിതനാണ് ദേവ്. ഉമേഷ് ഒരു വർഷമായി ഭാര്യ ശിൽപയ്ക്കും മകനുമൊപ്പം കാഞ്ഞിരമറ്റത്തെ ശ്രീനന്ദനം ഹോട്ടലിന് എതിർ വശത്തുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്.


ശനിയാഴ്ച രാത്രി എട്ടരയോടെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങി വന്ന ശിൽപയാണ് ഭർത്താവിനേയും മകനേയും മരിച്ച നിലയിൽ കണ്ടത്. കുട്ടി മുറിയിലെയും ഉമേഷ് ഹാളിലെയും ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ശിൽപയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികളാണ് പോലീസിലും അ​ഗ്നിരക്ഷാ സേനയിലെയും വിവരമറിയിച്ചു.


ഉടൻ തന്നെ തൊടുപുഴ എസ്.എച്ച്.ഒ എസ്. മഹേഷ്‌ കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. ഫോറൻസിക് സംഘമെത്തി പരിശോധന നടത്തി. അന്വേഷണം പു​രോ​ഗമിക്കുകയാണ്. മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha