വിവരാവകാശ അപേക്ഷയ്ക്ക് വെറും മറുപടി മാത്രം പോര, വിവരം നൽകണം - വിവരാവകാശ കമ്മീഷണർ


കോഴിക്കോട്: വിവരാവകാശ അപേക്ഷകൾക്ക് വെറും മറുപടി മാത്രം നൽകിയാൽ പോരെന്നും വ്യക്തവും തൃപ്തികരവുമായ വിവരങ്ങൾ നൽകണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി.കെ രാമകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ ഹിയറിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നൽകുന്ന മറുപടിയിൽ വിവരം ഉണ്ടായിരിക്കണം എന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും അല്ലാത്തപക്ഷം വിവരാവകാശ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വിവരാവകാശ ഓഫീസർമാരെ ഓർമിപ്പിച്ചു.


രേഖകളുടെ പകർപ്പ് ലഭിക്കാനായി ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ട പ്രകാരം ഫീസ് അടച്ചിടും  ലഭിച്ചില്ലെന്ന കോട്ടപ്പാടം ടി ഉസൈന്റെ പരാതിക്ക് ഫറൂഖ് മുനിസിപ്പാലിറ്റി മുൻ ക്ലീൻ സിറ്റി മാനേജർക്കെതിരെ വിവരാവകാശ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുന്നതാണ്.

ഫറൂഖ് താലൂക്ക് ആശുപത്രിയിലെ കവാട നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് വി.മഖ്ബൂൽ ഫീസ് അടച്ചിട്ടും ആവശ്യപ്പെട്ട മുഴുവൻ പകർപ്പും ലഭിച്ചില്ല എന്ന പരാതിയിൽ  കമ്മീഷൻ നിർദ്ദേശിച്ചതിനെ തുടർന്ന് ആവശ്യപ്പെട്ട മുഴുവൻ പകർപ്പുകളും നൽകി. 


ഫറോക്ക് മുൻസിപ്പാലിറ്റിയിൽ ബഷീർ  സി.കെ നേരിട്ട് നൽകിയ അപേക്ഷ സ്വീകരിച്ചില്ലെന്ന പരാതിയിൽ ഓൺലൈനായി മാത്രമല്ല നേരിട്ട് നൽകിയാലും സ്വീകരിക്കണമെന്നും വിവരാവകാശ അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കാതിരിക്കരുതെന്നും കമ്മീഷണർ നിർദ്ദേശം നൽകി. വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോക്കെതിരെ പുതുപ്പാടി അബ്ദുൽസലാം നൽകിയ ഹർജിയിൽ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് വിവരങ്ങളെല്ലാം ലഭിച്ചു എന്ന് ഹർജിക്കാരൻ സൂചിപ്പിച്ചതിനാൽ  തീർപ്പാക്കി.

ഹാജരാവാത്ത ബേപ്പൂർ പോലീസ് സ്റ്റേഷൻ തിരൂർ പോലീസ് സ്റ്റേഷൻ  എന്നിവിടങ്ങളിലെ വിവരാവകാശ ഓഫീസർമാക്ക് സമൻസ് അയക്കും. ഹിയറിങ്ങ് നടത്തിയ 18 കേസുകളിൽ 16 എണ്ണം തീർപ്പാക്കി.

Post a Comment

Thanks

أحدث أقدم
Moonniyur Vartha