കടലുണ്ടി | കനത്ത മഴയ്ക്കൊപ്പം ആർത്തലച്ചെത്തിയ തിരമാലകൾ കടൽഭിത്തി കവിഞ്ഞെത്തിയതോടെ കടലുണ്ടി തീരദേശമേഖലയിൽ വിട്ടൊഴിയാത്ത ദുരിതം. ഒട്ടേറെ വീടുകളിൽ വെള്ളം കയറി.
രൂക്ഷമായ കടലാക്രമണത്തിനൊപ്പം കടൽക്കാറ്റും വീശിയതോടെ തീരവാസികൾ തീർത്തും വലഞ്ഞു.
ബൈത്താനി, കപ്പലങ്ങാടി, വാക്കടവ്, കടലുണ്ടിക്കടവ് മേഖലയിലായിരുന്നു അതിശക്തമായ കടൽക്ഷോഭം.
ഇന്നലെ കടൽ ഏറെ പ്രക്ഷുബ്ധമായിരുന്നു. 10 മീറ്റർ വരെ ഉയരത്തിൽ ഇരച്ചെത്തിയ തിരമാലകൾ തീരത്തെ വീടുകളിലേക്ക് അടിച്ചു കയറി. കടൽ ഭിത്തിയോടു ചേർന്ന വീടുകളിലെല്ലാം വെള്ളം കയറി.
കരിങ്കൽ ഭിത്തിയുടെ അടിയിലൂടെയും തീരത്തേക്ക് വെള്ളം വ്യാപിച്ചു. രാവിലെ 11ന് തുടങ്ങിയ കടലാക്രമണം വൈകിട്ടു വരെ തുടർന്നു.
വീടുകൾക്കു ചുറ്റും വെള്ളം കെട്ടിക്കിടന്നതിനാൽ പുറത്തിറങ്ങാൻ കഴിയാതെ കുടുംബങ്ങൾ വലഞ്ഞു. ഭിത്തിക്ക് മുകളിലൂടെ വെള്ളം അടിച്ചു കയറുന്നതു കണ്ടു താമസക്കാർ അമ്പരന്നു. ഏതുസമയവും വീടൊഴിയേണ്ട നിലയാണെന്ന് താമസക്കാർ പറഞ്ഞു.
വാക്കടവ്, കപ്പലങ്ങാടി എന്നിവിടങ്ങളിൽ ജനവാസ കേന്ദ്രത്തിൽ കടൽ ഭിത്തി ഉയരം കുറവായതിനാൽ, ചെറിയൊരു തിരയടി ഉണ്ടായാൽ പോലും വെള്ളം വീടുകളിലേക്ക് കയറുന്ന അവസ്ഥയാണ്.
കരയിലേക്ക് വ്യാപിച്ച കടൽവെള്ളം കടുക്ക ബസാർ–ബൈത്താനി, കപ്പലങ്ങാടി–വാക്കടവ് റോഡുകളിൽ കെട്ടിനിൽക്കുകയാണ്. റോഡുകളിൽ ഏറെ ദൂരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വർഷം തോറും മഴക്കാലത്ത് ഇതാണ് സ്ഥിതി. കാലവർഷം തുടങ്ങിയാൽ പിന്നെ ഭീതിയോടെയാണ് കടലോര നിവാസികളുടെ അന്തിയുറക്കം.
ശക്തമായ കാറ്റിനൊപ്പം തിമിർത്തു പെയ്ത മഴയിൽ നാടാകെ ദുരിതം. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പലയിടത്തും റോഡുകൾ വെള്ളത്തിൽ മുങ്ങി. രാവിലെ മുതൽ തോരാതെ പെയ്ത മഴ ജനജീവിതത്തെ ബാധിച്ചു. കാറ്റിൽ തെങ്ങും മരങ്ങളും വീണു വീടുകൾക്ക് നാശം. പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി.
കാറ്റിൽ മരം വീണു ചുങ്കം കള്ളിത്തൊടി പരീക്കാട്ടിൽ മാട്ടുപുറത്ത് യശോദയുടെ വീടിന്റെ മേൽക്കൂര തകർന്നു. ബേപ്പൂർ നടുവട്ടം തോണിച്ചിറ പനങ്ങാട്ട് വയൽ ചോമത്ത് രുഗ്മിണിയുടെ വീടിനു മുകളിലേക്ക് മരം വീണു. മേൽക്കൂര തകർന്നു. ഗൃഹോപകരണങ്ങളും നശിച്ചു.
إرسال تعليق
Thanks