മലപ്പുറം: നഗരസഭയിലെ മുഴുവൻ അങ്കണവാടികളിലും സ്മാർട്ട് അങ്കണവാടി പദ്ധതി പൂർത്തീകരിച്ചു. ഇതോടെ മുഴുവൻ അങ്കണവാടികളിലും എയർകണ്ടീഷൻ സൗകര്യവും, സ്മാർട്ട് ടിവി, സൗണ്ട് സിസ്റ്റം മോഡേൺ ഇൻഫ്രാ സ്ട്രക്ചർ, ഹൈടെക് കളിയുപകരണങ്ങൾ, ശിശു സൗഹൃദ ഫർണിച്ചറുകൾ, സ്റ്റോറേജ് ബിന്നുകൾ,മിക്സി ഗ്രൈൻഡറുകൾ തുടങ്ങി സർവ്വ സജ്ജീകരണങ്ങളൊരുക്കി.
രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ആ പ്രദേശത്തെ മുഴുവൻ അങ്കണവാടികളും എയർകണ്ടീഷൻ സൗകര്യങ്ങളുള്ള മോഡേൺ ഹൈടെക് അങ്കണവാടികൾ ആക്കി മാറ്റുന്നത്. സമ്പൂർണ്ണ ഹൈടെക് അങ്കണവാടികളുടെ പൂർത്തീകരണ പ്രഖ്യാപനം കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ വകുപ്പ് മന്ത്രി ജയന്ത് ചൗധരി വ്യാഴം മലപ്പുറം ടൗൺഹാളിൽ നിർവഹിക്കും.
സാധാരണക്കാർ ഉൾപ്പെടെയുള്ളവരുടെ കുട്ടികൾ അങ്കണവാടികളെ പ്രീ പ്രൈമറി പഠനത്തിന് തിരഞ്ഞെടുക്കുന്നതിനും, കുട്ടികളെ ആകർഷിക്കുന്നതിനുമാണ് ഉയർന്ന പശ്ചാത്തല സൗകര്യങ്ങൾ മലപ്പുറം നഗരസഭ അങ്കണവാടികളിൽ തയ്യാറാക്കിയത്. പുറംഭാഗം ട്രെയിനുകളുടെ കമ്പാർട്ട്മെൻറ് രൂപത്തിലും, അകത്ത് ചുമരുകളിൽ ഏകീകൃത കളറിംഗ് നൽകി ശിശു സൗഹൃദ ആകർഷകമായ കാർട്ടൂൺ കഥാപാത്രങ്ങൾ ഉൾപ്പെടെ വരച്ചുമാണ് എല്ലാ അങ്കണവാടികളിലെയും ചുമരുകളിൽ തയ്യാറാക്കിയത്.
ആകെയുള്ള അറുപത്തിനാല് അങ്കണവാടികളിൽ നാൽപത്തിരണ്ട് അങ്കണവാടികൾ സ്വന്തം കെട്ടിടത്തിലും, ഇരുപത്തിരണ്ട് അങ്കണവാടികൾ വാടക കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്. സ്വന്തം കെട്ടിടത്തിലും വാടക കെട്ടിടത്തിലും ഒരേ തരത്തിലുള്ള സൗകര്യമൊരുക്കി എന്ന അപൂർവ്വ നേട്ടവും മലപ്പുറത്തെ അങ്കണവാടികൾ പദ്ധതി മുഖാന്തരം നേടുകയുണ്ടായി.
കേന്ദ്രസർക്കാർ ഫണ്ടും നഗരസഭയുടെ തനത് ഫണ്ടും ഉൾപ്പെടെ രണ്ടു കോടി നാൽപ്പത്തിഅഞ്ച് ലക്ഷം രൂപക്ക് ബഹുവർഷ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നഗരസഭ പൂർത്തിയാക്കിയത്. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി വൈദ്യുതി കണക്ഷൻ ലഭിക്കാതിരുന്ന അങ്കണവാടികളിൽ ഉൾപ്പെടെ സമ്പൂർണ്ണമായി വൈദ്യുതീകരണ പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി പൂർത്തീകരിച്ചു.
കൂടാതെ അങ്കണവാടികളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന രക്ഷിതാക്കൾക്കും പൂർണ്ണമായ സൗകര്യങ്ങളും, മുഴുവൻ രക്ഷിതാക്കൾക്കും ഇരിക്കുന്നതിന് വേണ്ടി ആയിരം കസേരകളുമാണ് നഗരസഭ അറുപത്തിനാല് അങ്കണവാടികളിലായി നൽകിയത്. കൂടാതെ അങ്കണവാടിയിലെ വർക്കർമാരെയും, ആയമാരെയും ശാക്തീകരിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി സൗജന്യ വിനോദയാത്ര ഉൾപ്പെടെ നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. നഗരസഭയിലെ മുഴുവൻ അങ്കണവാടികൾക്കും പങ്കെടുക്കാൻ കഴിയാവുന്ന തരത്തിൽ അങ്കണവാടി കലോത്സവത്തിനുള്ള തുകയും വകയിരുത്തി. അങ്കണവാടി വിദ്യാഭ്യാസ രംഗത്തും, അങ്കണവാടികളുടെ അടിസ്ഥാന സൗകര്യ വികസനരംഗത്തും അന്താരാഷ്ട്ര നിലവാരത്തിലുള്ള മാതൃകയാണ് ഇതുമൂലം മലപ്പുറം സൃഷ്ടിച്ചത്.
إرسال تعليق
Thanks