കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മിഥുന്റെ ആകസ്മിക വേർപാട് കേരളത്തെയാകെ ദുഃഖത്തിൽ ആഴ്ത്തിയെന്ന് മന്ത്രി വി ശിവൻകുട്ടി. സർക്കാർ ഈ സംഭവത്തിന്‍റെ ഗൗരവം മനസ്സിലാക്കി തന്നെ ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടവുമായി ബന്ധപ്പെട്ട് മാനേജ്മെന്‍റിന് ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ മാനേജരെ പിരിച്ചുവിട്ട്, സ്‌കൂളിന്‍റെ ഭരണം കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസർക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മിഥുൻ കേരളത്തിന്റെ മകനാണ്. മിഥുന്റെ കുടുംബത്തിന് ധനസഹായമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പി.ഡി. അക്കൗണ്ടിൽ നിന്നും മൂന്ന് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കെ.എസ്.ഇ.ബി. അഞ്ച് ലക്ഷം രൂപ ധനസഹായമായി കൈമാറിക്കഴിഞ്ഞു. 10 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. അധ്യാപക സംഘടനയായ കെ.എസ്.റ്റി.എ. 10 ലക്ഷം രൂപ ധനസഹായം ഉടൻ തന്നെ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിവസം ഡി.ഡി.ഇ., എ.ഡി., ആർ.ഡി.ഡി., ഡി.ഇ.ഒ., എ.ഇ.ഒ., വിദ്യാകിരണം- കൈറ്റ്-എസ്.എസ്.കെ. ജില്ലാ കോർഡിനേറ്റർമാർ, ഡയറ്റ് പ്രിൻസിപ്പൽമാർ എന്നിവരുടെ യോഗം ചേർന്നിരുന്നു. സ്‌കൂൾ സുരക്ഷ സംബന്ധിച്ച് നിരവധി സുപ്രധാന തീരുമാനങ്ങൾ നടപ്പിലാക്കുവാൻ യോഗത്തിൽ തീരുമാനിച്ചു. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് 2025 മെയ് 13 നും 31 നും പൊതു വിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ ആധാരമാക്കി വിശദമായ ചെക്ക് ലിസ്റ്റ് തയ്യാറാക്കും. ജൂലൈ 29 ന് മുമ്പായി എ.ഇ.ഒ., ഡി.ഇ.ഒ., ഡി.ഡി., ആർ.ഡി.ഡി.,എ.ഡി ബി.ആർ.സി. വഴി സ്‌കൂളുകളിൽ സന്ദർശനം നടത്തി സേഫ്റ്റി ഗ്യാപ്പ് റിപ്പോർട്ട് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
ജൂലൈ 31 ന് മുമ്പായി ഡി.ഡി.മാർ, ജില്ലാ തലത്തിൽ ചെയ്യേണ്ടവ മുൻനിർത്തി അതാത് ഉദ്യോഗസ്ഥർക്ക് കത്ത് നൽകും. ഇതിന്റെ മൊത്തം റിപ്പോർട്ട് ക്രോഡീകരിച്ച് ജില്ലാ കളക്ടർമാർക്ക് നൽകും. കോപ്പി പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും നൽകണം. എല്ലാ ഡി.ഡി. മാരും സ്‌കൂൾ സുരക്ഷാ വിഷയം ഡി.ഡി.സി. യിലെ സ്ഥിരം അജണ്ട ആക്കാൻ ജില്ലാ കളക്ടർക്ക് കത്ത് നൽകും. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജില്ലാ കളക്ടർമാർക്ക് കത്ത് നൽകും. മുഖ്യമന്ത്രി തന്നെ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു ചെയ്തിട്ടുണ്ട്. ജില്ലയിൽ ഡി.ഡി.ഇ., ആർ.ഡി.ഡി., എ.ഡി., ഡയറ്റ് പ്രിൻസിപ്പൽ, കൈറ്റ് ജില്ലാ ഓഫീസർ, എസ്.എസ്.കെ. ജില്ലാ കോർഡിനേറ്റർമാർ, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിൽ 7 ടീമുകൾ ഓരോ സ്‌കൂളുകളും സന്ദർശിച്ച് മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് നൽകണമെന്നും മന്ത്രി അറിയിച്ചു.
ഡി.ഡി.ഇയ്ക്ക് ആവശ്യമെങ്കിൽ കൂടുതൽ ടീമുകളെ നിയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. സമ്പൂർണ്ണ പ്ലസ്സിൽ സ്‌കൂൾ സുരക്ഷ സംബന്ധിച്ച് ഒരു പേജ് തുടങ്ങും. ചെക്ക് ലിസ്റ്റിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ അതിൽ ഉണ്ടാകും. സേഫ്റ്റി ഓഡിറ്റിന് ശേഷം ഹെഡ്മാസ്റ്റർ അല്ലെങ്കിൽ പ്രിൻസിപ്പൽ ഇക്കാര്യങ്ങൾ വിശദമായി രേഖപ്പെടുത്തണം. മൂന്ന്/നാല് ജില്ലകളുടെ ചുമതല ക്യു.ഐ.പി. ഡി.ഡി. മാർക്ക് നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടർ തലത്തിൽ ഒരു സേഫ്റ്റി സെൽ രൂപീകരിച്ചു. ഇത് പൊതുജനങ്ങൾക്ക് പരാതികളോ അറിയിപ്പുകളോ നൽകാൻ ഒരു വാട്ട്സ് ആപ്പ് നമ്പർ രജിസ്റ്റർ ചെയ്ത് പൊതുജനങ്ങളെ അറിയിക്കും.
പി.റ്റി.എ., കുട്ടികൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവർക്ക് എന്തെങ്കിലും സുരക്ഷാ പ്രശ്നം ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിൽ ഈ നമ്പറിൽ അറിയിക്കാം. നിലവിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ജൂലൈ 31 ന് ഉന്നതതല യോഗം ചേരും. ആഗസ്റ്റ് 7 ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി, കളക്ടർമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാർ, എന്നിവരുടെ യോഗം ചേരുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
إرسال تعليق
Thanks