സ്വകാര്യ ബസ് പണിമുടക്കിൽ ‘ഭിന്നത’: ഒരു വിഭാഗം പിന്മാറി; വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും

തിരുവനന്തപുരം |  ഈ മാസം 22 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്കില്‍നിന്ന് ഒരു വിഭാഗം പിന്മാറി. ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ആണ് പിന്മാറിയത്. ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് സംഘടന പിന്മാറാന്‍ തീരുമാനമെടുത്തത്. 


അതേസമയം, സമരവുമായി മുന്നോട്ടു പോകുമെന്ന് മറ്റു സംഘടനകള്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കുമെന്നാണ് സൂചന. വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുമായി അടുത്ത ആഴ്ച ചര്‍ച്ച നടത്തും.


ദേശീയ പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് 4.7 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു. വഴി തടഞ്ഞുള്ള സമരത്തോടു യോജിപ്പില്ലെന്നും പോയതു പോയെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് സംഘടനകള്‍ ആവശ്യപ്പെട്ട 95 ശതമാനം കാര്യങ്ങളിലും പരിഹാരം കാണാന്‍ ചര്‍ച്ചയില്‍ കഴിഞ്ഞുവെന്നും പറഞ്ഞു. എന്നാല്‍ കണ്‍സഷന്‍ വര്‍ധിപ്പിക്കുന്നതുള്‍പ്പെടെ രാഷ്ട്രീയ തീരുമാനം വേണ്ട കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണം. ഗതാഗത സെക്രട്ടറി ഇതു സംബന്ധിച്ച് വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തും. ആവശ്യമെങ്കില്‍ മന്ത്രിയും സംസാരിക്കും. ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നിവരുടെ പൊലീസ് ക്ലിയറന്‍സ് നിബന്ധനയില്‍ വിട്ടുവീഴ്ചയില്ല. പുതിയ വണ്ടികള്‍ക്കു മാത്രമേ പുതിയ പെര്‍മിറ്റ് നല്‍കുകയുള്ളു. ഏഴാം ക്ലാസ് വരെ പഠിച്ചവര്‍ക്ക് കണ്ടക്ടര്‍ ലൈസന്‍സ് നല്‍കണമെന്ന ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha