കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ ടെലഗ്രാമിലൂടെ വില്‍പ്പനക്ക് വെച്ച കോഴിക്കോട് സ്വദേശി പിടിയില്‍



ബാലുശ്ശേരി: കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ ടെലഗ്രാമിലൂടെ വില്‍പ്പനക്ക് വെച്ച യുവാവ് പിടിയില്‍. ബാലുശ്ശേരി എരമംഗലം സ്വദേശി വീര്യോത്ത് വിഷ്ണുവിനെയാണ് കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. തെലങ്കാന സൈബര്‍ പൊലീസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സ്ത്രീകളുടെ പേരിലുണ്ടാക്കിയ വ്യാജ ടെലഗ്രാം ഐ ഡി വഴിയായിരുന്നു ദൃശ്യങ്ങളുടെ വില്‍പ്പന.


സോഷ്യല്‍ മീഡിയാ പട്രോളിംഗിനിടെ തെലങ്കാന സൈബര്‍ സെക്യൂരിറ്റി ബ്യൂറോയാണ് ടെലഗ്രാമില്‍ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ വില്‍പ്പനക്ക് വെച്ചിരിക്കുന്നത് കണ്ടെത്തിയത്. പിന്നാലെ നടത്തിയ രഹസ്യ ഓപ്പറേഷനാണ് കേസിൽ വഴിത്തിരിവായത്. ബാലുശ്ശേരി സ്വദേശിയാണ് ഇതിനു പിന്നിലെന്ന് തിരിച്ചറിഞ്ഞ തെലങ്കാന സൈബര്‍ സെക്യൂരിറ്റി ബ്യൂറോ ഇക്കാര്യം കോഴിക്കോട് റൂറല്‍ എസ് പി കെ ഇ ബൈജുവിനെ അറിയിച്ചു. തുടര്‍ന്ന് കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് എരമംഗലം വീര്യോത്ത് സ്വദേശി വിഷ്ണു പിടിയിലായത്. ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പലരും പണമയച്ചതായി കണ്ടെത്തി.


ഡിജിറ്റല്‍ പണമിടപാടാണ് ഉപയോഗിച്ചിരുന്നത്. സ്ത്രീകളുടെ പേരില്‍ എഫ് ബിയിലും ഇന്‍സ്റ്റഗ്രാമിലും അക്കൗണ്ടുകള്‍ ഉണ്ടാക്കി ചാറ്റ് തുടങ്ങും. പിന്നാലെ വ്യാജ പേരിലുള്ള ടെലഗ്രാം അക്കൗണ്ട് വഴി കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ ആവശ്യക്കാര്‍ക്ക് അയച്ചു കൊടുത്ത് പണം വാങ്ങും. വിവിധ ടെലഗ്രാം ഗ്രൂപ്പുകളില്‍ നിന്നാണ് ഇയാള്‍ കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നത്. ലഹരിമരുന്ന് കേസുകളിലുള്‍പ്പെടെ പ്രതിയായ വിഷ്ണുവിനൊപ്പം മറ്റു ചിലരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha