കൂരിയാട് ദേശീയപാത; പുനർനിർമ്മാണത്തിന് അന്തിമ രൂപരേഖയായില്ല; ഗതാഗതക്കുരുക്ക് രൂക്ഷം



കൂരിയാട്: കോഴിക്കോട്-തൃശ്ശൂർ ദേശീയപാത നിർമ്മാണത്തിനിടെ തകർന്ന മലപ്പുറം വേങ്ങര കൂരിയാട്ടെ പാതയുടെ പുനർനിർമ്മാണത്തിനുള്ള അന്തിമരൂപരേഖ ഇതുവരെയായില്ല. പണി തുടങ്ങാനുള്ള അനുമതിയും കരാറുകാർക്ക് ലഭിച്ചിട്ടില്ല.

മെയ് 19-നാണ് കൂരിയാട് നിർമ്മാണം അവസാനഘട്ടത്തിലെത്തിനിൽക്കെ ഇരുന്നൂറ്റമ്പതോളം മീറ്റർ നീളത്തിൽ സർവീസ് റോഡുൾപ്പെടെയുള്ള പാത തകർന്നത്. ഈ ഭാഗത്ത് 400 മീറ്റർ ദൂരത്തിൽ വയഡക്ട് നിർമ്മിക്കണമെന്നാണ് അന്ന് പരിശോധന നടത്തിയ വിദഗ്ദ്ധസമിതിയുടെ ശുപാർശ. വയലായതിനാൽ ഉറപ്പില്ലാത്ത മണ്ണുള്ള ഭാഗത്ത് മുഴുവൻ ദൂരത്തിലും വയഡക്ട് നിർമ്മിക്കണമെന്നും ഇരുവശത്തുമുള്ള സർവീസ് റോഡിന്റെ ഉയരം കൂട്ടണമെന്നും ജനപ്രതിനിധികളും നാട്ടുകാരും കർഷകരും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, കൂരിയാട് അടിപ്പാതയുടെ പാലം മുതൽ പാടത്തുള്ള ആദ്യത്തെ പാലം വരെ വയഡക്ട് നിർമ്മിക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്. ഇത് 400 മീറ്ററിൽ താഴെയാണ്. ഇതിനുപോലും അന്തിമ അനുമതി ലഭിച്ചിട്ടില്ല. 40 അടിയിലധികം ഉയരത്തിൽ കെട്ടിപ്പൊക്കിയ മണ്ണ് പൂർണ്ണമായി മാറ്റി. മണ്ണ് പരിശോധനയും പൈലിങ്ങും പൂർത്തിയാക്കി പണിക്കാരും യന്ത്രങ്ങളും നിർമ്മാണത്തിനായി കാത്തിരിക്കുകയാണ്. ഇതിനിടെ ഇരുഭാഗത്തേക്കുമുള്ള സർവീസ് റോഡുകൾ തുറന്നുകൊടുത്തത് യാത്രക്കാർക്ക് താൽക്കാലിക ആശ്വാസമായിട്ടുണ്ട്.

തകർന്ന സ്ഥലം ചൊവ്വാഴ്ച റീജിയണൽ ഓഫീസർ സന്ദർശിക്കും. രാവിലെ കോഴിക്കോട് ജില്ലയിലെ സന്ദർശനം പൂർത്തിയാക്കിയ ശേഷമായിരിക്കും അദ്ദേഹം കൂരിയാട്ടെത്തുക. ഈ സന്ദർശനത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനമെന്ന് ലെയ്സൺ ഓഫീസർ പി.പി.എം. അഷ്റഫ് അറിയിച്ചു.

സർവീസ് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം

കോഴിക്കോടുനിന്ന് തൃശ്ശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് തുറന്നുകൊടുത്തെങ്കിലും കൂരിയാട് ഏത് സമയത്തും കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ചിലപ്പോൾ ഇത് ഒരു കിലോമീറ്ററോളം അകലെയുള്ള കൊളപ്പുറം കവലവരെ നീളാറുണ്ട്. തിരക്കേറിയ പരപ്പനങ്ങാടി-മലപ്പുറം സംസ്ഥാനപാത ഈ റോഡിന് കുറുകെ കടന്നുപോകുന്നതാണ് ഇതിന് പ്രധാന കാരണം. ഈ ഭാഗത്തെത്തുമ്പോൾ ദേശീയപാതയിലൂടെ യാത്രചെയ്യുന്നവർക്ക് പരപ്പനങ്ങാടി-മലപ്പുറം സംസ്ഥാനപാത മുറിച്ചുകടക്കാൻ ഏറെ സമയം കാത്തുനിൽക്കേണ്ടി വരുന്നു. ഇത് മുൻകൂട്ടി അറിയുന്ന പലരും കൂരിയാട്-പനമ്പുഴ റോഡിനെയാണ് ആശ്രയിക്കുന്നത്.


Post a Comment

Thanks

أحدث أقدم
Moonniyur Vartha