തിരുവനന്തപുരം | നഗരത്തിലെ പ്രമുഖ ഹോട്ടൽ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടൺഹിൽ സ്കൂളിനു സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജിനെ (60) ആണ് ഇടപ്പഴിഞ്ഞിയിൽ ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന വീടിന്റെ പുരയിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹം പായ കൊണ്ടു മൂടിയ നിലയിലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ജീവനക്കാരായ നേപ്പാൾ സ്വദേശി ഡേവിഡ്, അടിമലത്തുറ സ്വദേശി രാജേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
നാല് പാട്‌നർമാരിൽ ഒരാളായ ജസ്റ്റിൻ രാജ് ആണ് എല്ലാ ദിവസവും പുലർച്ചെ 5ന് ഹോട്ടൽ തുറക്കുന്നത്. 8 ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതിൽ ഡേവിഡും രാജേഷും ഇന്നലെ ജോലിക്ക് എത്തിയിരുന്നില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്ര വാഹനത്തിൽ ജസ്റ്റിൻ രാജ് ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിൽ പോയിരുന്നു.
ഉച്ചവരെ കാണാത്തതിനാൽ ഹോട്ടലിലെ മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാനേജരുടെ വാഹനവും കാണാനില്ലായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഡേവിഡിനെയും രാജേഷിനെയും അടിമലത്തുറയിൽ നിന്ന് പിടികൂടിയത്. കൊലപാതക കാരണം വ്യക്തമായിട്ടില്ല.
إرسال تعليق
Thanks