‘ഉപകരണങ്ങളില്ല; ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുന്നു’: തുറന്നുപറ‍ഞ്ഞ് മെഡിക്കല്‍ കോളജ് വകുപ്പുമേധാവി


  തിരുവനന്തപുരം |  ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവയ്ക്കുന്നതിൽ കടുത്ത നിരാശയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവിയുടെ ഫെയ്സ്ബുക് പോസ്റ്റ്. ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നതിൽ ലജ്ജയും നിരാശയുമുണ്ടെന്ന് ഡോ. ഹാരിസ് കുറിച്ചു. കോളജ് മെച്ചപ്പെടുത്താന്‍ ഓടിയോടി ക്ഷീണിച്ചു. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാനില്ല. പിരിച്ചു വിട്ടോട്ടെ എന്നായിരുന്നു ഡോക്ടറുടെ വൈകാരിക കുറിപ്പ്. വിവാദമായതിനു പിന്നാലെ അദ്ദേഹം പോസ്റ്റ് പിൻവലിച്ചു. പരിമിതികളാണ് ചുറ്റുമെന്നും ഓരോരുത്തർക്കും തന്നാൽ കഴിയാവുന്ന തരത്തിൽ പരമാവധി ചികിത്സ നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പോസ്റ്റ് പിൻവലിച്ചതായി പറയുന്ന കുറിപ്പിൽ വ്യക്തമാക്കി. 


അതേസമയം, ഉപകരണങ്ങൾ ഓർഡർ ചെയ്യുന്നതിൽ കാലതാമസമില്ലെന്ന് ഡിഎംഇ (ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ) വ്യക്തമാക്കി. ‘‘പർച്ചേസ് ഓർഡർ കൃത്യമാണ്. ഡോ. ഹാരിസിന്റേത് വൈകാരിക പോസ്റ്റാണ്. ഡോക്ടറോടു വിശദീകരണം തേടും. അദ്ദേഹം അവധിയിലാണ്, ഫോണിൽ ലഭ്യമായിട്ടില്ല. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയുണ്ടാകും. ഇന്നലെ നടക്കാതിരുന്നത് ഒരു ശസ്ത്രക്രിയ മാത്രമാണ്. അത് അടിയന്തര ശസ്ത്രക്രിയയല്ല. എച്ച്ഒഡിമാർ നൽകുന്ന പട്ടിക അനുസരിച്ചാണ് ഉപകരണങ്ങൾ വാങ്ങുന്നത്. കഴിഞ്ഞ ജൂണിലും ഡിസംബറിലും ഈ ഫെബ്രുവരിയിലും ഉപകരണങ്ങൾ വാങ്ങിച്ചു. ഈ ജൂണിൽ വാങ്ങാനുള്ള ഓർഡർ കൊടുത്തിട്ടുണ്ട്. ഉപകരണം എത്തിയില്ല എന്നതാണ് പ്രശ്നം. ഓർ‍‍ഡർ കൊടുത്താൽ നാലഞ്ച് ദിവസത്തിനുള്ളിൽ ഉപകരണം വരും’’ – വാർത്താസമ്മേളനത്തിൽ ഡിഎംഇ പറഞ്ഞു. 


ഡോ. ഹാരിസിന്റെ കുറിപ്പ് പൂർണരൂപം:

‘‘പോസ്റ്റ്‌ പിൻവലിക്കുന്നു. ഞാൻ തെറ്റുകാരനല്ല. പരിമിതികൾ ആണ് എനിക്ക് ചുറ്റും. അതിനുള്ളിൽനിന്ന്  എന്റെ വിഭാഗത്തിൽ ചികിത്സ തേടി വരുന്ന ഓരോ മനുഷ്യനും എനിക്ക് കഴിയുന്നതിന്റെ പരമാവധി ചികിത്സ നൽകാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. എന്നോടൊപ്പം ആത്മാർഥമായി ജോലി ചെയ്യുന്ന സീനിയർ ഡോക്ടർമാരും ജൂനിയർ ഡോക്ടർമാരും ആണ് എന്റെ ശക്തി. ഇന്നുവരെ വ്യക്തിപരമായ ഒരു കാര്യത്തിനും ആരുടേയും മുന്നിൽ നട്ടെല്ലു വളയ്ക്കാത്ത ഞാൻ, വകുപ്പ് മേധാവി ആയശേഷം ഒരുപാട് പേരെ സാർ വിളിച്ചു, ഒരുപാട് മേശകളുടെ മുന്നിൽ ഓച്ഛാനിച്ചു നിന്നു, ഒരുപാട് കമ്മിറ്റികൾക്കു പോയി. ഒന്നും നടന്നില്ല. എന്റെ കുടുംബങ്ങളിലെ ഒരു പരിപാടികൾക്കും ഞാൻ ഇപ്പോൾ പോകാറില്ല. ടൂറിനോ ദൂര യാത്രകൾക്കോ കോൺഫറൻസുകൾക്കോ ഒന്നും പോകാറില്ല.’’


‘‘ആശുപത്രിയിൽ ഒരു വകുപ്പ് മേധാവിക്ക് രോഗികളുടെ മേൽ അത്രയ്ക്കു ശ്രദ്ധ വേണം. എന്റെ അസാന്നിധ്യം കൊണ്ടോ അനാസ്ഥ കൊണ്ടോ ഒരു മനുഷ്യനും ബുദ്ധിമുട്ടരുത് എന്ന കർത്തവ്യ ബോധം മനസിലുണ്ട്. എപ്പോഴാണ് ആശുപത്രിയിൽനിന്ന് വിളിക്കുക എന്ന് അറിയാൻ കഴിയില്ല. ഒരു സമയത്ത് മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ വൃക്ക കൊണ്ടുവന്ന്, ആരും ഏറ്റുവാങ്ങാൻ ഇല്ലാതെ കോറിഡോറിൽ ആംബുലൻസ് ഡ്രൈവർ കാത്തിരുന്ന സംഭവമൊക്കെ നിങ്ങൾ പലരും ഓർക്കുന്നുണ്ടാകും. ആ കറ മായ്ക്കാനും തെറ്റുകൾ തിരുത്താനും ഈ പദവി ഏറ്റെടുത്ത ദിവസം മുതൽ അഹോരാത്രം ഞാനും എന്റെ സഹപ്രവർത്തകരും ശ്രദ്ധിക്കുകയാണ്. സാധാരണ ജനങ്ങളുടെ ആശ്രയവും അത്താണിയുമാണ് ഞാൻ പഠിച്ചുവളർന്ന് ഇന്ന് ജോലി ചെയ്യുന്ന പ്രശസ്തമായ തിരുവനന്തപുരം മെഡിക്കൽ കോളജ്. എനിക്ക് അതിനോടു നീതി പുലർത്താൻ കഴിയുന്നില്ലെങ്കിൽ ഞാൻ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം.’’

Post a Comment

Thanks

أحدث أقدم
Moonniyur Vartha