മമ്പുറം ആണ്ടുനേർച്ചക്ക് ഇന്ന് കൊടിയേറും; രാത്രി ഏഴരക്ക് മമ്പുറം സ്വലാത്ത്


  തിരൂരങ്ങാടി: മലബാറിലെ സാമൂഹിക പരിഷ്കർത്താവും അധിനിവേശ വിരുദ്ധ നായകനും അനേകായിരങ്ങളുടെ ആത്മീയാചാര്യനുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല അൽഹുസൈനി തങ്ങളുടെ 187-ാം ആണ്ടുനേർച്ചക്ക് ഇന്ന് വൈകുന്നേരം നാലരക്ക് തുടക്കമാവും.


അസ്വർ നമസ്കകാരാനന്തരം മഖാമിൽ വെച്ച് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന സിയാറത്തിനും കൂട്ടുപ്രാർഥനക്കും ശേഷം സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങൾ മമ്പുറം കൊടി ഉയർത്തുന്നതോടെ ഒരാഴ്‌ചയിലേറെ നീണ്ടുനിൽക്കുന്ന 187-ാം ആണ്ടുനേർച്ചക്ക് ഔദ്യോഗിക തുടക്കമാവും. ശേഷം മമ്പുറം തങ്ങൾ സെന്റർ ഫോർ കൾച്ചറൽ ആന്റ് ഹെറിറ്റേജ് സ്റ്റഡീസ് എന്ന പേരിലുള്ള പഠന-ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനകർമം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിക്കും.


രാത്രി നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ നേതൃത്വം നൽകും. നാളെ രാത്രി നടക്കുന്ന മജ്‌ലിസുന്നൂർ ആത്മീയ സദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും.സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ആമുഖഭാഷണം നിർവഹിക്കും. ജൂൺ 28 ന് ശനിയാഴ്ച മജ്‌ലിസുൽ ഇശ്ഖ് നടക്കും.


ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാത്രി മതപ്രഭാഷണങ്ങൾ നടക്കും. 30 ന് രാവിലെ 10 മണിക്ക് മമ്പുറം തങ്ങളുടെ ലോകം എന്ന പേരിൽ ചരിത്ര സെമിനാറും ജൂലൈ രണ്ടിന് ബുധനാഴ് രാത്രി ഹിഫ്ള് സനദ് ദാന അനുസ്‌മരണ ദുആ സംഗമവും നടക്കും.


അവസാന ദിവസമായ ജൂലൈ 03 ന് വ്യാഴാഴ്ച സമസ്ത‌ പ്രസിഡൻ്റ് സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്‌ച നീണ്ടു നിൽക്കുന്ന മമ്പുറം ആണ്ട് നേർച്ചക്ക് പരിസമാപ്‌തിയാകും

Post a Comment

Thanks

Previous Post Next Post