കെ.എം.സി.സി പ്രവര്‍ത്തകര്‍ ഹജ്ജ് ഓഫീസറെ മര്‍ദിച്ച സംഭവം അപലപനീയം: ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍



മലപ്പുറം: ഈ വർഷത്തെ ഹജ്ജിന് ഡെപ്യൂട്ടേഷനിൽ സൗദിയിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെ മിനയിൽ വെച്ച് മക്കയിലെ കെ.എം.സി.സി പ്രവർത്തകർ മർദിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്‌ത സംഭവം തീർത്തും അപലപനീയവും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യവുമായിരുന്നെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്.


സെന്‍ട്രല്‍ ഡെപ്യുട്ടേഷനില്‍ ഹജ്ജ് ഓഫീസറായി എത്തിയ മലയാളിയായ ഉമറുല്‍ ഫാറൂഖിനെയാണ് കെ.എം.സി.സി പ്രവര്‍ത്തകര്‍ അദ്ദേഹത്തെന്റെ ഡ്യൂട്ടിക്കിയില്‍ മിനയില്‍ വെച്ച് മര്‍ദിച്ചത്. വിശുദ്ധ ഭൂമിയില്‍ വെച്ച് ഇത്തരം പ്രവൃത്തികള്‍ ചെയ്തത് ഒരിക്കലും ന്യായികരിക്കാന്‍ കഴിയില്ല. ദുല്‍ഹജ്ജ് 13 അവസാന ദിവസം ജമറാത്തിലെ കല്ലേറ് കഴിഞ്ഞ് ഹാജിമാരെ മക്തബ് (സൗദിയിലെ ഏജന്‍സി) അടിസ്ഥാനത്തില്‍ അസ്സീസിയയിലേക്ക് കൊണ്ട് പോകുന്നതിനായി ബസുകള്‍ എത്തിയപ്പോള്‍ അവിടെ ഡ്യുട്ടിക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ നിയോഗിച്ച ഹജ്ജ് ഓഫീസ്സറായിരുന്നു ഉമറുല്‍ ഫാറൂക്ക്.


മക്തബിന്റെ ജീവനക്കാരും മറ്റു ഉദ്യോഗസ്ഥരൂം അവിടെ ജോലിചെയ്യുമ്പോഴാണ് മക്തബ് അടിസ്ഥാനത്തില്‍ ഹാജിമാരെ അസീസിയയിലെ അവരുടെ താമസ സ്ഥലത്തേക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ടാണ് കെ.എം.സി.സി.യുടെ പ്രവര്‍ത്തകര്‍ എത്തി തര്‍ക്കത്തിലേര്‍പ്പെടുകയും മര്‍ദിക്കുകയും ചെയ്തതെന്ന് ഉമറുല്‍ ഫാറൂഖ് നല്‍കിയ പരാതിയില്‍ പറയുന്നു.

ഡ്യൂട്ടിക്കെത്തിയ മക്തബിന്റെ ജീവനക്കാരെയും ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരെയും അവരുടെ ഡ്യൂട്ടിതടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്നും പറഞ്ഞു. ഹജ്ജ് ഓഫീസറായ ഉമറുല്‍ ഫാറൂഖ് ഇത് സംബന്ധീച്ച് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനും പരാതികള്‍ നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം പരാതികളില്ലാതെ നല്ല രീതിയില്‍ ഹജ്ജ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു വരുന്നതിനിടയിലാണ് ഈ സംഭവം. ഇന്ത്യന്‍ ഹജ്ജ് മിഷന്‍ കീഴില്‍ ഡ്യുട്ടിക്കെത്തിയ ഹജ്ജ് ഓഫീസര്‍മാരും സ്‌റ്റേറ്റ് ഹജ്ജ് ഇന്‍സ്‌പെക്ടര്‍മാരും വളരെ നല്ല പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം ചെയ്തത്. ഈ വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ തക്കതായ ശിക്ഷാ നടപടികള്‍ ഉണ്ടാകണമെന്നും ഹജ്ജ് പ്രവര്‍ത്തനങ്ങളില്‍ ഔദ്യോഗിക സംവിധാനത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ ബാഹ്യ ഇടപെടലുകള്‍ ഒഴിവാക്കണമെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച കോണ്‍സുലേറ്റ് ജനറലിനും, കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും കത്തെയെഴുതിയിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha