ദുരന്തമുണ്ടായ എയർ ഇന്ത്യയുടെ എ.ഐ.171 വിമാനത്തിന് കഴിഞ്ഞ മാസവും സാങ്കേതികത്തകരാർ; ഡ്രീംലൈനർ വിമാനങ്ങൾ താത്കാലികമായി സർവീസ് നിർത്തിയേക്കും


  അഹമ്മദാബാദ്: 294 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യയുടെ എ.ഐ. 171 വിമാനത്തിന് കഴിഞ്ഞ മാസവും സാങ്കേതികത്തകരാർ ഉണ്ടായിരുന്നതായി യാത്രക്കാർ. മേയ് ഒന്നിന് തകരാർ സംഭവിച്ചിരുന്നു. തുടർന്ന് സാങ്കേതിക തകരാർ പരിഹരിച്ച് അടുത്ത ദിവസമാണ് വിമാനം ലണ്ടനിലേക്ക് പറന്നതെന്നും അന്നത്തെ യാത്രക്കാർ പറഞ്ഞു. മേയ് ഒന്നിന് ഉച്ചതിരിഞ്ഞ് 1.10-ന് പുറപ്പെടേണ്ട വിമാനത്തിൽ സമയമായിട്ടും ബോർഡിങ് തുടങ്ങിയില്ല. അകത്തു കയറ്റിയപ്പോളാകട്ടെ, രണ്ടു മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നെന്നും യാത്രക്കാരനായ ശരദ് റാവൽ പറഞ്ഞു. ഇതിനിടയിൽ ഇടയ്ക്കിടയ്ക്ക് ലൈറ്റുകളും അണഞ്ഞിരുന്നു. ഒടുവിൽ സാങ്കേതികത്തകരാർ മൂലം സർവീസ് റദ്ദാക്കിയതായി അറിയിച്ചു.


പിറ്റേ ദിവസവും ഒന്നരമണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. അപകടമുണ്ടായ ദിവസം വിമാനം ആദ്യം ഡൽഹിയിൽ നിന്ന്‌ അഹമ്മദാബാദിലേക്ക് സർവീസ് നടത്തിയിരുന്നു. അന്ന് ശീതികരണ സംവിധാനം ഉൾപ്പെടെ തകരാറിലായിരുന്നുവെന്ന് ആക്ഷേപമുണ്ട്.

അതേസമയം, ദുരന്തത്തിൽപ്പെട്ട ബോയിങ് 787-8 ഡ്രീംലൈനർ വിമാനങ്ങളുടെ ശ്രേണി താത്കാലികമായി സർവീസ് നിർത്തിവെച്ചേക്കുമെന്ന്‌ റിപ്പോർട്ട്. 787 ഡ്രീംലൈനർ വിമാനത്തിന്റെ സുരക്ഷാ പരിശോധന നടത്തണമെന്ന്‌ ഡയറക്ടറേറ്റ്‌ ജനറൽ ഒാഫ്‌ സിവിൽ ഏവിയേഷൻ എയർ ഇന്ത്യക്ക്‌ നിർദേശം നൽകി. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഇന്ത്യയിൽ സർവീസ് നടത്തുന്ന ഡ്രീംലൈനർ 787-8ന്റെ പരിശോധന. എയർ ഇന്ത്യയിൽ 33 ഡ്രീംലൈനർ 787 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്. ഇതിൽ 26 എണ്ണം 787-8 മോഡലുകളാണ്. ഏഴെണ്ണം 787-9 മോഡലും.

Post a Comment

Thanks

أحدث أقدم