കരിപ്പൂര്‍ : കരിപ്പൂർ വിമാനത്താവളത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് വിലക്കേർപ്പെടുത്തിയ നടപടി പ്രതിഷേധം ശക്തമായതോടെ പിൻവലിച്ചു.
കഴിഞ്ഞ ദിവസമാണ് കരിപ്പൂർ വിമാനത്താവളത്തിന് മുന്നിലെ റോഡില്‍ വിമാനത്താവള പരിസരത്തേക്ക് ഓട്ടോറിക്ഷകള്‍ പ്രവേശിക്കരുത് എന്ന് ചൂണ്ടിക്കാട്ടി ബോർഡ് സ്ഥാപിച്ചത്. വിമാനത്താവള പരിസരത്തേക്ക് എത്തുന്ന ഓട്ടോറിക്ഷകളില്‍ നിന്നും 500 രൂപ പിഴ ഈടാക്കുമെന്നും ബോർഡില്‍ വ്യക്തമാക്കിയിരുന്നു.
വാഹനങ്ങള്‍ കടന്ന് പോകുന്ന പ്രധാന കവാടത്തിന് മുന്നിലായിരുന്നു ബോർഡ് സ്ഥാപിച്ചത്. ഓട്ടോറിക്ഷകളോടുള്ള അവഗണനയ്ക്കെതിരെ ഡ്രൈവർമാരും ജനപ്രതിനിധികളും യാത്രക്കാരും ഒരുപോലെ രംഗത്തെത്തി. കരിപ്പൂരില്‍ ബസ് ഇറങ്ങി വിമാനത്താവളത്തിലേക്ക് എത്താൻ ഒട്ടേറെ പേർ ആശ്രയിക്കുന്നത് ഓട്ടോറിക്ഷകളെയാണ്. കുറഞ്ഞ ചെലവിലുള്ള ഓട്ടോറിക്ഷ യാത്ര തടഞ്ഞാല്‍ അത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുക. ഇതോടെ ഓട്ടോ തൊഴിലാളികളും പൊതുപ്രവർത്തകരും ഉള്‍പ്പെടെയുള്ളവർ നടപടിയെ വിമർശിച്ച് രംഗത്തെത്തി. സംഭവം വാർത്തയായതിന് പിന്നാലെ അധികൃതർ തന്നെ ബോർഡ് നീക്കം ചെയ്യുകയായിരുന്നു.
Post a Comment
Thanks