⭕അമീബിക് മസ്തിഷ്ക ജ്വരബാധ റിപ്പോർട്ട് ചെയ്ത മൂന്നിയൂർ കളിയാട്ടമുക്കിൽ പ്രദേശത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ പ്രസിഡന്റ് എൻ.എം.സുഹറാബി ചെയർ പേഴ്സണും മെഡിക്കൽ ഓഫിസർ ഡോ.പി.മുഹമ്മദ് റഫീഖ് കൺവീനറുമായി ആർആർടി (റാപ്പിഡ് റെസ്പോൺസ് ടീം) രൂപീകരിച്ചു. ജെഎച്ച്ഐമാർ ജെപിഎച്ച്എൻ, ആശാപ്രവർത്തകർ എന്നിവർ 8 ടീമുകളായി തിരിഞ്ഞ് ഗൃഹസന്ദർശനം നടത്തുകയും 88 കിണറുകളിൽ ക്ലോറിനേഷൻ നടത്തുകയും ചെയ്തു.
പ്രദേശത്തെ വീടുകളിൽ നിന്നു 5 പേർ മൂന്നിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്കെത്തി. ആർക്കും ഗുരുതരമായ ലക്ഷണങ്ങൾ ഒന്നുമില്ല. രോഗബാധയുണ്ടായെന്നു കരുതുന്ന പാറക്കൽ കടവിൽ നിന്നും ജല സാംപിളുകൾ ശേഖരിച്ച് പരിശോധനക്കയച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിലും പുഴയിലും മലിന ജലാശയങ്ങളിലും ഏതൊരു കാരണവശാലും ഇറങ്ങുകയോ, അവയിലെ വെള്ളം ഉപയോഗിച്ച് മുഖം കഴുകുകയോ ചെയ്യാൻ പാടില്ല എന്ന് ജില്ലാ മെഡിക്കൽ ഓഫിസർ.
♦️ എല്ലാ നീന്തൽ കുളങ്ങളും ക്ലോറിനേറ്റ് ചെയ്യണം:
തിരൂരങ്ങാടി മൂന്നിയൂർ കളിയാട്ടമുക്കിൽ അമീബിക് മസ്തിഷ്ക ജ്വരബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ എല്ലാ നീന്തൽ കുളങ്ങളും ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിർദേശം ബന്ധപ്പെട്ടവർക്ക് നൽകുന്നതിനും ഇത് ഉറപ്പുവരുത്തുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജോയിൻ ഡയറക്ടർ മുഖാന്തരം അറിയിപ്പ് നൽകിയതായി ജില്ലാ മെഡിക്കൽ ഓഫിസർ.
റാപ്പിഡ് റെസ്പോൺസ് ടീം യോഗത്തിൽ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. പനിനിരീക്ഷണമടക്കമുള്ള സർവൈലനൻസ് പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തി. പനി കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രദേശത്ത് രോഗ പ്രതിരോധ ബോധവൽകരണത്തിനായി മൈക്ക് പ്രചാരണം നടത്തി.
Post a Comment
Thanks