പച്ചക്കറി വില വർധനയിൽ ചെറിയ ഉള്ളിയുടെ വിലയും കുതിച്ചുയരുകയാണ്. ബുധനാഴ്ച വില കിലോഗ്രാമിന് 160-180 രൂപവരെയാണ്. രണ്ടാഴ്ചമുമ്പ് തക്കാളിക്കായിരുന്നു ഇത്രയുംവില. ഇപ്പോഴും മൊത്തവിപണിയിൽ തക്കാളിക്ക് 80-90 രൂപയാണ് നിരക്ക്.
സാധാരണക്കാരുടെ അടുക്കളയിലും വിവാഹസദ്യകളിലും ബിരിയാണി മസലാക്കൂട്ടുകളിലും ഒഴിവാക്കാനാവാത്തതാണ് ചെറിയ ഉള്ളി. തമിഴ്നാട്ടിലെ ഒട്ടംഛത്രം, ദിണ്ടിക്കൽ പച്ചക്കറി മാർക്കറ്റുകളിൽനിന്നാണ് ചെറിയ ഉള്ളി കേരളത്തിലെത്തുന്നത്. ഇതരസംസ്ഥാനങ്ങളിൽ ഇപ്പോൾ ഉള്ളിക്കൃഷി തുടങ്ങുന്ന സമയമാണ്. ഇതാണ് വിലവർധനയ്ക്ക് കാരണമെന്ന് കച്ചവടക്കാർ പറയുന്നു. ഒരുമാസം കഴിയുന്നതോടെ വിലക്കയറ്റം കുറയുമെന്നാണ് പ്രതീക്ഷയെന്നും ഇവർ പറയുന്നു.
മുൻപ് ശേഖരിച്ചിട്ടുള്ള ചെറിയ ഉള്ളിയാണ് ഇപ്പോൾ മാർക്കറ്റിലെത്തിക്കുന്നത്. മറ്റ് പച്ചക്കറികൾക്കും വില വർധിച്ചുവരികയാണ്. പച്ചമുളകിന്റെ വില കൂടിയത് കുറഞ്ഞിട്ടില്ല. 70-90 ആണ് വില. വെളുത്തുള്ളി കിലോഗ്രാമിന് 160 രൂപയാണ്. ഇഞ്ചി 240-300, മത്തൻ 24, കുമ്പളങ്ങ-28 എന്നിങ്ങനെയും വിലകൂടി. വിലക്കുറവുള്ളത് നാരങ്ങയ്ക്കും വലിയ ഉള്ളിക്കും മാത്രം. നാരങ്ങ-40, വലിയ ഉള്ളി 24. പച്ചക്കറി വാങ്ങാനെത്തുന്നവർ മാത്രമല്ല കച്ചവടക്കാരും വില കൂടിയതോടെ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് ആശുപത്രിപ്പടിയിലെ വ്യാപാരി നൗഷാദ് പറഞ്ഞു.
Post a Comment
Thanks