തിരൂരങ്ങാടി: മലബാറിലെ ആത്മീയാചാര്യനും നവോത്ഥാന നായകനും സാമൂഹിക
പരിഷ്കർത്താവുമായിരുന്ന ഖുഥ്ബുസ്സമാൻ
സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 184-ാം
ആണ്ട് നേർച്ചക്ക് അന്തിമ രൂപമായി. ജാതി-മത
ഭേദമന്യേ പതിനായിരങ്ങൾ പങ്കെടുക്കുന്ന
ആണ്ടുനേർച്ച് 30 ന് ശനിയാഴ്ച
തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മഖാം ദാറുൽഹുദാ മാനേജിങ് കമ്മിറ്റി
ഏറ്റെടുത്തതിന് ശേഷമുള്ള 24-ാമത്തെ ആണ്ടുനേർച്ചയാണ് ഇത്തവണ നടക്കുക.
30 ന് ശനിയാഴ്ച അസർ നമസ്കാരാനന്തരം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ (മമ്പുറം) കൊടി ഉയർത്തുന്നതോടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന
184-ാമത് ആണ്ടുനേർച്ചക്ക് തുടക്കമാവും. കൂട്ടസിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. രാത്രി മഖാമിൽ പ്രത്യേക മൗലിദ് പാരായണ സദസ്സും
നടക്കും.
31-ന് ഞായറാഴ്ച രാത്രി മജ്ലിസുന്നൂർ ആത്മീയ സദസ്സ് പാണക്കാട് സയ്യിദ് നാസ്വിർ ഹയ്യ് ശിഹാബ്
തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്റുദ്ദീൻ ഹസനി കണ്ണന്തളി നേതൃത്വം നൽകും. ആഗസ്റ്റ് 1,2,3 തിയ്യതികളിൽ രാത്രി ഏഴരക്ക് മതപ്രഭാഷണങ്ങൾ നടക്കും. ഒന്നിന് തിങ്കളാഴ്ച പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങൾ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. സ്വാലിഹ് ഹുദവി തൂത പ്രഭാഷണം നടത്തും. രണ്ടിന് പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനവും മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണവും നടത്തും. 3 ന് ബുധനാഴ്ച പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഖലീൽ ഹുദവി തളങ്കര പ്രഭാഷണം നിർവഹിക്കും.
4 ന് വ്യാഴാഴ്ച രാത്രി നടക്കുന്ന മമ്പുറം സ്വലാത്ത് മജ്ലിസിന് കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈൽ നേതൃത്വം വഹിക്കും.
5 ന് വെള്ളിയാഴ്ച രാത്രി മമ്പുറം തങ്ങൾ അനുസ്മരണവും ഹിഫ്ള് സനദ് ദാനവും പ്രാർത്ഥനാ സദസ്സും നടക്കും. സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുൽ ഖുർആൻ കോളേജിൽ നിന്നു ഖുർആൻ മനഃപാഠമാക്കിയ ഹാഫിളീങ്ങൾക്കുള്ള സനനദ് ദാനവും അദ്ദേഹം നിർവഹിക്കും.
ദാറുൽഹുദാ വി.സി ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്വി അധ്യക്ഷത വഹിക്കും. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. പ്രാർഥനാ സദസ്സിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. സമാപന ദിവസമായ 6 ന് ശനിയാഴ്ച രാവിലെ എട്ട് മണി മുതൽ അന്നദാനം നടക്കും.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുർറഹ്മാൻ ജിഫ്രി തങ്ങൾ കോഴിക്കോട് അധ്യക്ഷനാവും. സയ്യിദ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കും.
ഉച്ചക്ക് 1:30 ന് നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ച്ചത്തെ മമ്പുറം ആണ്ട് നേർച്ചക്ക് പരിസമാപ്തിയാവും. സമാപന പ്രാർഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകും.
വാർത്താ സമ്മേളനത്തിൽ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി, യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു വി കെ മുഹമ്മദ്, സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂർ എന്നിവർ പങ്കെടുത്തു.
Post a Comment
Thanks