'ജയിച്ചതല്ല, ജനം ജയിപ്പിച്ചതാണ്, അഹങ്കാരം തോന്നിയാൽ അപ്പോൾ നിർത്തി പോകണം; ലീഗ് അംഗങ്ങളോട് സാദിഖ് അലി തങ്ങൾ


മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ആരും അഹങ്കരിക്കരുതെന്ന ഉപദേശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍. ഓട്ട മത്സരത്തിലാണെങ്കില്‍ ഓടി ജയിക്കാം, എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുകയല്ല, ജനം ജയിപ്പിക്കുകയാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ജയിച്ചെന്ന അഹങ്കാരം തോന്നിയാല്‍ അപ്പോള്‍ നിര്‍ത്തി പോകുന്നതാണ് നല്ലതെന്നും സാദിഖ് അലി തങ്ങള്‍ വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ നിന്നും വിജയിച്ച മുസ്ലിം ലീഗ് ജനപ്രതിനിധികൾക്കായി കുറ്റിപ്പുറം ഒലീവ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച  വിജയാരവം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേന്ദ്ര നയങ്ങള്‍ മറ്റൊരു വിധത്തില്‍ നടത്തുന്ന സര്‍ക്കാര്‍ ആണ് കേരളത്തിലേതെന്നും  അതിനെതിരെ ജനം അടിച്ച ഗോള്‍ ആണ് തദ്ദേശ തെരഞ്ഞെടുപ്പിൽ  യു.ഡി.എഫ്. വിജയമെന്നും സാദിഖ് അലി തങ്ങൾ  പറഞ്ഞു. ജനങ്ങളെ നിലക്ക് നിര്‍ത്തണം എന്ന ചിന്ത ജനപ്രതിനിധികള്‍ക്ക് വേണ്ട. പകരം ജനങ്ങള്‍ക്ക് വേണ്ടി നില്‍ക്കാന്‍ തയ്യാറാവണം. പ്രതിപക്ഷം ഇല്ലാത്തത് നേട്ടമായി കാണേണ്ട. പ്രതിപക്ഷം ജനാധിപത്യത്തിന്റെ സൗന്ദര്യം ആണ്. ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷം ഇല്ലെങ്കിലും പ്രതിപക്ഷ ശബ്ദങ്ങളെ മാനിക്കണമെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു.

ആറ് മാസം കൂടുമ്പോള്‍ വികസന സഭ നടത്തണമെന്നും  അതിലേക്ക് പ്രതിപക്ഷ പാര്‍ട്ടികളെ കൂടി വിളിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അവര്‍ പറയുന്നത് കൂടി കേട്ട് മുന്നോട്ട് പോകാം. വിജയത്തില്‍ മതിമറക്കരുത്. വിജയാഘോഷം കാണുമ്പോള്‍ അങ്ങനെ തോന്നുന്നുവെന്നും സാദിഖ് അലി തങ്ങള്‍ പറഞ്ഞു. നമ്മള്‍ നല്ല വിദ്യാഭ്യാസം നേടിയവരാണെന്നും ആ നിലവാരം എല്ലായിടത്തും പുലര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷ്യം വഹിച്ചു. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർഎ എം.പി, സീനിയർ വൈസ് പ്രസിഡണ്ട് ഡോ: അബ്ദു സമദ് സമദാനി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, വനിതാ ലീഗ് പ്രസിഡണ്ട് സുഹ്റ മമ്പാട്, ജില്ലാ ജനറൽ സെക്രട്ടറി പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ  തുടങ്ങിയവർ പ്രസംഗിച്ചു. എം.എൽ.എ. മാർ , സംസ്ഥാന - ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

Previous Post Next Post